haridas

മാഹി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മൂന്ന് മുന്നണികളിലേയും സ്ഥാനാർത്ഥികൾ റോഡ് ഷോകളും, ഗൃഹസന്ദർശന പരിപാടികളും തെരുവ് യോഗങ്ങളുമായി തിരക്കിട്ട ജനസമ്പർക്ക പരിപാടികളിൽ വ്യാപൃതരാണ്. ചുമരെഴുത്തുകളോ ബോർഡോ ബാനറുകളോ പോസ്റ്ററുകളോ ഒന്നും എവിടേയും കാണാനില്ല. ഉച്ചഭാഷിണിയിലുള്ള പ്രചാരണം അങ്ങിങ്ങ് കേൾക്കാനാവുമെന്ന് മാത്രം.
ഐക്യ മതേതര ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി രമേശ് പറമ്പത്ത് ഇന്നലെ മഞ്ചക്കൽ, ചാലക്കര ആയുർവേദ മെഡിക്കൽ കോളേജ്, മാഹി ദന്തൽ കോളേജ്, ചാലക്കര മുക്കുവൻ പറമ്പ് കോളനി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടർമാരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. രണ്ട് തവണ മാഹി ഗവ. കോളേജ് യൂണിയന്റെ ചെയർമാനായിരുന്ന രമേശിനൊപ്പം പഴയ സതീർത്ഥ്വർ പലയിടങ്ങളിലും അനുഗമിച്ചു. നഗരസഭാ ചെയർമാനായിരിക്കെ, ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇടപെടാനായത് പലയിടങ്ങളിലും തുണയായി. ഇടയ്ക്ക് നിലച്ചുപോയ മയ്യഴിയുടെ വികസനത്തിന് തുടർച്ച വേണം. സംസ്ഥാനത്തിന്റെ മറ്റെല്ലാ മണ്ഡലങ്ങളിലും കൃത്യമായി ലഭിച്ചു വരുന്ന സൗജന്യ അരി വിതരണം ഇനിയും മയ്യഴിക്ക് നഷ്ടപ്പെടുത്തിക്കൂടാ. ടൂറിസം തൊഴിൽ മേഖലകളിൽ പുതിയ സംരഭങ്ങൾ കൊണ്ടുവരണം. രമേശ് പറയുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നമ്മൾ പത്ത് വർഷം പിറകോട്ടാണ് പോയത്. ചോദിച്ച്, പിടിച്ച് വാങ്ങാൻ ആളില്ലാതെ പോയി. ആ കൈ തെറ്റ് ഇനി മയ്യഴിക്കാർക്ക് ഉണ്ടായിക്കൂട. കഴിഞ്ഞ അഞ്ച് വർഷത്തെ നാടിന്റെ അനാഥത്വം ഇനിയുണ്ടാവരുത്. സ്ഥാനാർത്ഥി പറയുന്നു. മഞ്ചക്കൽ പ്രദേശത്ത് സ്ഥാനാർത്ഥിയെ അനുഗമിച്ചു കൊണ്ട് ഹമീദ് ഹാജി, മജീദ് കെ.സി, ഹുമയൂൺ, അനൂപ്, ഐ അരവിന്ദൻ, ഷൈലാ ഷാജൻ, അബ്ദുള്ള, പി.വി. ചന്ദ്രഹാസൻ തുടങ്ങിയവരും, ചാലക്കര മുക്കുവൻ പറമ്പ് കോളനി പരിസരത്ത് നടന്ന വോട്ട് അഭ്യർത്ഥനാപരിപാടിയിൽ മുപ്പതോളം പ്രവർത്തകരും പങ്കെടുത്തു. മാഹി മുണ്ടോക്കിൽ നിന്നും തുടങ്ങി മാഹിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് മാഹി സ്റ്റാച്യു ജംഗ്ഷനിൽ അവസാനിപ്പിച്ച റോഡ് ഷോ അനേകരെ ആകർഷിച്ചു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, അഹമ്മദ് ബഷീർ, ഐ. അരവിന്ദൻ, അഡ്വ. എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.പി. രജിലേഷ്, കെ. സുരേഷ്, ഇ.കെ. മുഹമ്മദ് അലി, അൻസിൽ അരവിന്ദ്, ആശാലത, അലി അക്ബർ ഹാഷിം, നളിനി ചാത്തു, പി.ടി.സി. ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.


ആവർത്തനമുറപ്പിച്ച് ഹരിദാസൻ മാസ്റ്റർ

തോളിൽ സദാ തൂങ്ങിക്കിടക്കുന്ന തുണി സഞ്ചി, ഖദർ വസ്ത്രം, വെളുത്ത താടിയും മുടിയും.... പുഞ്ചിരി മായാത്ത മുഖവുമായി ഇടത് മുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസ് പ്രവർത്തകർക്കൊപ്പം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഹ്യസ്വമായി പ്രസംഗിക്കുകയാണ്. മയ്യഴിയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം, റേഷൻ ശൃംഗല പുന:സ്ഥാപിക്കണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ പരിപോഷിപ്പിക്കണം, സ്പിന്നിംഗ് മിൽ തുറക്കണം... അങ്ങിനെ പോകുന്നു ചെറുപ്രസംഗത്തിലെ വാക്കുകൾ.
മാഹി വളവിൽ കടപ്പുറത്ത് നിന്നാരംഭിച്ച് '27 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൂലക്കടവിലാണ് പര്യടനം സമാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച അഡ്വ. എൻ.കെ. സജ്‌നയെയും മുസ്ലിംലീഗ് വിട്ട കെ.പി. സുബൈറിനെയും ഹാരമണിയിച്ച് സ്വീകരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സി.പി. ഹരീന്ദ്രൻ, ഹാരീസ് പരന്തിരാട്ട്, ടി .കെ. ഗംഗാധരൻ, വിനയൻ പുത്തലം, എം.എം. അഭിഷേക്, പി.പി. വിജേഷ്, റിജേഷ്‌ രാജൻ എന്നിവർ സംസാരിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ., വി. ജനാർദനൻ, എൻ. ഉണ്ണി, എൻ.കെ. സജ്‌ന, ടി. അശോകുമാർ, ടി. സുരേന്ദ്രൻ, കെ.പി. സുനിൽകുമാർ, വി. ജയബാലു എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

മാറ്റത്തിന്റെ പ്രതീക്ഷയുമായി വി.പി.എ. റഹ്മാൻ

കോൺഗ്രസ്സും, സി.പി.എമ്മുമാണ് മയ്യഴിയുടെ വികസന മുരടിപ്പിന് കാരണക്കാരെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. വി.പി.എ. റഹ്മാൻ. വളവിൽപ്രദേശം തൊട്ട് പൂഴിത്തല വരെയുള്ള കടലോര മേഖലയാകെ സന്ദർശിച്ച് മത്സ്യതൊഴിലാളികളോടായി അദ്ദേഹം പറഞ്ഞു. അനാഥമായ ഹാർബറിന്റെ പണി പൂർത്തീകരിക്കണ്ടേ ? കുടിവെള്ള പ്രശ്‌നം പരിഹരിക്കണ്ടേ ? റേഷനരി ലഭ്യമാക്കണ്ടേ ? പുതിയ തൊഴിൽ സംരംഭങ്ങൾ വേണ്ടേ ? പുതുച്ചേരിയിൽ ഇത്തവണ എൻ.ഡി.എ.അധികാരത്തിലേറുമെന്ന് യാതൊരു സംശയവും വേണ്ട. എനിക്ക് ജനസമ്മതി നൽകിയാൽ അത് മയ്യഴിയുടെ സുവർണ്ണകാലമായി മാറുമെന്ന് ഞാൻ വാക്ക് തരുന്നു. എ. സുനിൽ, കെ.പി. മനോജ്, പി. ഗിരീഷ്, ടി.വി. പ്രേമൻ, ടി.എ. പ്രദീപൻ, പി. ബലരാമൻ, സുമന്ത്രൻ, വി. സത്യൻ, ജിതേഷ്, പ്രജീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.