പഞ്ചകർമ്മ ചികിത്സയെന്ന് കേൾക്കാത്തവർ കുറവാണ്. എന്നാൽ, എന്താണ് പഞ്ചകർമ്മ ചികിത്സയെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല. എന്നുമാത്രമല്ല, ആയുർവേദത്തിലെ എല്ലാ ചികിത്സകളും പഞ്ചകർമ്മയാണെന്ന് കൂടി പറഞ്ഞുകളയും.
അതുകൊണ്ടാണ് കിഴിയും പിഴിച്ചിലുമൊക്കെ ചെയ്തവർ ഞാൻ പഞ്ചകർമ്മ ചികിത്സചെയ്‌തെന്ന് പറയുന്നത്. യഥാർത്ഥത്തിൽ ഇവ പഞ്ചകർമ്മ ചികിത്സയിൽ ഉൾപ്പെടുന്നവയല്ല.
പഞ്ചകർമ്മ ചികിത്സയെ ശോധന ചികിത്സയെന്നും അറിയപ്പെടുന്നു. രോഗങ്ങളെ വീണ്ടും ഉണ്ടാകാത്ത വിധം രോഗാവസ്ഥയെ ശരീരത്തിൽ നിന്ന് മാറ്റുകയും ശരീരാരോഗ്യം പൂർവാധികം ശക്തിയോടെ വീണ്ടെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് പഞ്ചകർമ്മ ചികിത്സയ്ക്ക് ഇത്രയേറെ പ്രാധാന്യം ഉണ്ടാകാൻ കാരണം.
രോഗത്തെ വേരോടെ പിഴുതെറിയുന്നതാണ് ആയുർവേദ ചികിത്സ എന്ന് പറയാൻ കാരണം പഞ്ചകർമ്മ ചികിത്സയുടെ ഫലം അറിഞ്ഞിട്ടാണ്. വമനം, വിരേചനം, നസ്യം, കഷായവസ്തി, സ്നേഹവസ്തി എന്നിവയാണ് പഞ്ചകർമ്മചികിത്സകൾ. രക്തമോക്ഷം എന്ന ചികിത്സ ഉൾപ്പെടുത്തി വസ്തിയെ ഒന്നായി പറയുന്ന വിഭാഗവുമുണ്ട്. രോഗത്തിന് കാരണമായ ദുഷിച്ച ദോഷങ്ങളെ ഏറ്റവും സമീപസ്ഥമായ ശരീര സുഷിരത്തിലൂടെ പുറത്തേക്ക് കളയുകയാണ് പഞ്ചകർമ്മ ചികിത്സ ചെയ്യുന്നത്.
ഉദാഹരണത്തിന് ശിരസിലെ അവയവങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ദോഷത്തെ മൂക്കിലൂടെ മരുന്ന് ഒഴിച്ച് പുറത്തേക്ക് കളയുന്നതാണ് നസ്യം. ഓരോ പഞ്ചകർമ്മ ചികിത്സയും ഫലപ്രദമാകണമെങ്കിൽ അവ കൃത്യമായി ചെയ്യാൻ ചില വിധികളുണ്ട്. അതിൽ കുറഞ്ഞതോ കൂടിയ രീതിയിലോ ആകുന്നത് ചികിത്സയുടെ ഫലം കുറയ്ക്കും. ശരിയായ പ്രയോജനം ലഭിക്കണമെങ്കിൽ അവ സമ്യക് ആയിരിക്കണം. അത് എങ്ങനെയാണെന്നും അതിന് ആവശ്യമായ മരുന്നിന്റെ അളവും ഓരോ വ്യക്തിയിലും ചികിത്സയിലും വരുത്തേണ്ട വ്യത്യാസങ്ങളും അതിനായി ഉൾപ്പെടുത്തേണ്ട പ്രാരംഭ ചികിത്സകളും ആയുർവേദം കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പഞ്ചകർമ്മ ചികിത്സയുടെ യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ അത് കൃത്യമായി പഠിച്ച് പരിശീലിക്കുന്ന ഒരാളിൽനിന്ന് തന്നെ സ്വീകരിക്കണമെന്ന് പറയുന്നത്.
പഞ്ചകർമ്മ ചികിത്സയായ വസ്തിക്ക് വിധേയമായാൽ ചികിത്സയുടെ പകുതി വിജയിച്ചു എന്ന രീതിയിൽ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ, നമുക്കു ചുറ്റുമുള്ള പലരും വസ്തി ചികിത്സ ചെയ്യാൻ മടിയുള്ളവരാണ്. എന്തെന്നാൽ രോഗിക്ക് സുഖം തോന്നുന്ന ചികിത്സകൾ മാത്രമാണ് ചിലർ ചെയ്യുന്നത്. മറ്റ്ചിലർക്ക് അത് മാത്രമേ അറിയാവൂ. അങ്ങനെയുള്ള ചികിത്സകരും നമുക്ക് ചുറ്റിലുമുണ്ട്.
പ്രധാന ചികിത്സയുടെ പ്രാരംഭ ചികിത്സകളായ എണ്ണതേയ്പ്പ്, ആവിക്കുളി, ഇലക്കിഴി ,പൊടിക്കിഴി, നാരങ്ങക്കിഴി തുടങ്ങിയവയാണ് പലരും പഞ്ചകർമ്മ ചികിത്സകളായി തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ, ഇവയൊന്നും പഞ്ചകർമ്മ ചികിത്സയുടെ ഫലം തരുന്നവയല്ല. ഇത്തരം ചികിത്സകളിൽ ഏർപ്പെടുന്നവർ നിർബന്ധമായും പഞ്ചകർമ്മ ചികിത്സയ്ക്ക് വിധേയമായില്ലെങ്കിൽ പുതിയ രോഗങ്ങൾ കൂടി ക്ഷണിച്ചു വരുത്തും.
രോഗത്തിന് കാരണമായ ദോഷങ്ങൾ ശരീരത്തിൽ നിന്ന് നിർഹരിച്ച് കളയാവുന്ന വിധത്തിൽ ക്രമീകരിക്കുക എന്നതാണ് പ്രാരംഭ ചികിത്സകൾ വഴി ചെയ്യുന്നത്. അവയെ സുഖകരമായ രീതിയിൽ പുറത്തേക്ക് കളയുന്നത് പഞ്ചകർമ്മ ചികിത്സയിൽ ഏതെങ്കിലും ഉപയോഗിച്ചാണ്. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചികിത്സകളും വേണ്ടിവരാറുണ്ട്. അതുകൊണ്ടാണ് തേച്ചുകുളി തുടങ്ങിയ പ്രാരംഭ ചികിത്സകൾ ചെയ്യുന്നവർ നിർബന്ധമായും വമനം(ഛർദ്ദിപ്പിക്കൽ), വിരേചനം(വയറിളക്കൽ) തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾക്ക് കൂടി വിധേയമാകണ്ടതാണ് എന്ന് പറയുന്നത്.
പഞ്ചകർമ്മ ചികിത്സ കൂടി ചെയ്യാൻ സമയവും സൗകര്യവുമില്ലാത്തവർ വിവിധ തരത്തിലുള്ള കിഴി, പിഴിച്ചിൽ, അഭ്യംഗം അഥവാ എണ്ണ തേപ്പ് എന്നിവ മാത്രമായി ചെയ്യരുത്.