അസാമിലെ കരിംഗഞ്ച് ജില്ലയിൽ ബി.ജെ.പി സ്ഥാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കൃഷ്ണേന്ദു പാലിന്റെ കാറിൽ നിന്ന് വോട്ടിംഗ് യന്ത്രം പിടികൂടിയത് അസാധാരണ സംഭവമാണ്. ബൂത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഇലക്‌ഷൻ കമ്മിഷൻ തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ടതെങ്കിലും അപൂർവമായ ഈ സംഭവം സമൂഹത്തിൽ ഉയർത്തിയ സംശയത്തിന്റെ പുകപടലങ്ങൾ ഉടനെ അടങ്ങുകയില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം അതേപടി സ്വീകരിച്ച് അവർക്ക് പറ്റിയ നോട്ടക്കുറവാണ് ഇതിനിടയാക്കിയത് എന്ന മട്ടിൽ ലഘൂകരിച്ച് കാണാവുന്ന ഒരു സംഭവമല്ല ഇത്. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന രതബാരി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടുകൾ രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ബി.ജെ.പി എം.എൽ.എയുടെ ഭാര്യയുടെ പേരിലുള്ള കാറിൽ നിന്ന് പിടിച്ചെടുത്തത്. വോട്ടിംഗ് യന്ത്രം സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയ വാഹനം വഴിയിൽ ബ്രേക്ക് ഡൗണായതിനെത്തുടർന്നാണ് സ്വകാര്യ കാർ ഉപയോഗിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
പ്രിസൈഡിംഗ് ഓഫീസറുടെ അപേക്ഷ പ്രകാരം സെക്ടറൽ ഓഫീസർ വിളിച്ചുകൊണ്ടുവന്ന കാർ എം.എൽ.എയുടേതാണെന്ന് അറിയാതെയാണ് ഉപയോഗിച്ചതെന്നാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒന്നാമത് വഴിയിൽ വച്ച് ഏതെങ്കിലും ഒരു കാറിൽ കയറ്റിക്കൊണ്ടു പോകേണ്ടതല്ല വോട്ടിംഗ് യന്ത്രം. ആ കാർ മറ്റെവിടേക്കെങ്കിലും പോയിരുന്നെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്നത്തിന് ഇടയാക്കുമായിരുന്നു. മിനിമം ഒരു പൊലീസ് വാഹനമെങ്കിലും വരുത്തി വേണമായിരുന്നു വോട്ടിംഗ് യന്ത്രം മാറ്റാൻ. അല്ലെങ്കിൽ ഉയർന്ന മേലുദ്യോഗസ്ഥന്റെ നിർദ്ദേശം തേടി അതനുസരിച്ച് വേണമായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ തീരുമാനം എടുക്കേണ്ടിയിരുന്നത്. ഒറ്റപ്പെട്ടതാണെന്ന് പറയാമെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് മൊത്തത്തിൽ അവഹേളനത്തിന് ഇടയാക്കുന്നതായി ഇത്.
ഈ സംഭവം പുറത്തറിഞ്ഞതിന് സോഷ്യൽ മീഡിയയോട് നന്ദി പറയണം. ഓരോ പൗരനും വാർത്താവിതരണ കേന്ദ്രമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പഴയ കാലത്തെ തട്ടിപ്പുകളൊക്കെ ആവർത്തിക്കാൻ വലിയ പാടാണ്. വോട്ടിംഗ് യന്ത്രവുമായി എം.എൽ.എയുടെ കാറിൽ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്ന ദൃശ്യം ഒരാൾ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ജനം കാർ തടഞ്ഞ് ആക്രമണം നടത്തിയത്. പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. പരിശോധനയിൽ വോട്ടിംഗ് യന്ത്രം, വി.വി പാറ്റ് എന്നിവയുടെ സീൽ ഭദ്രമായിരുന്നുവെന്ന് കണ്ടെത്തിയത് ആശ്വാസമായി.
വിവിധ സംസ്ഥാനങ്ങളിലായി ഈ മാസം മുഴുവനും നീളുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതുപോലുള്ള സംഭവങ്ങൾ നോട്ടക്കുറവിന്റെ പേരിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാൻ കമ്മിഷൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിൽ രതബാരി ബി.ജെ.പിയുടെ സീറ്റാണ്. വീണ്ടും അവിടെ ബി.ജെ.പി ജയിക്കുകയാണെങ്കിൽ വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പിലൂടെയാണെന്ന് പ്രതിപക്ഷം ആരോപിക്കാതിരിക്കില്ല. അതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് ജനാധിപത്യത്തിന്റെ വിശ്വാസ്യതയ്ക്ക് അതിപ്രധാനമാണ്.