factory-sandharshikkunnu

കല്ലമ്പലം/ചിറയിൻകീഴ്:വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ,നാടുണർത്തിയ തിരഞ്ഞെടുപ്പ് പ്രചാരണാരവം മൂർദ്ധന്യതയിലേക്ക്. കൊട്ടിക്കലാശത്തിന് അനുവാദമില്ലെങ്കിലും ഇന്നത്തെ പകൽ ഉച്ചഭാഷിണികളുടെയും കവല പ്രസംഗങ്ങളുടെയും പ്രകമ്പനത്തിൽ അലയടിക്കും.ആവേശം അലതല്ലുന്ന മൈക്ക് അനൗൺസ്‌മെന്റുകളും പാരഡിഗാനങ്ങളും തീപ്പൊരി പ്രസംഗങ്ങളും അക്ഷരാർത്ഥത്തിൽ നിരത്തുകളെ പോരാട്ട ഭൂമികയാക്കും. ഇഞ്ചോടിച്ച് ഏറ്റുമുട്ടി പ്രചാരണത്തിൽ തുല്യപ്രതീതി ജനിപ്പിച്ച് ഒപ്പത്തിനൊപ്പം നീങ്ങുന്ന മുഖ്യധാരാ മുന്നണികൾ ദേശീയ, സംസ്ഥാന നേതാക്കളെ കളത്തിലിറക്കിയാണ് രംഗം കൊഴുപ്പിക്കുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ വർണാഭമാക്കാൻ റോഡ് ഷോയും തെരുവുനാടകങ്ങളും ഫ്‌ളാഷ് മോബും ഒരുങ്ങിക്കഴിഞ്ഞു. ബൈക്ക് റാലികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടിഞ്ഞാൺ ഇട്ടതോടെ കൊടിതോരണങ്ങളാൽ അലംകൃതമായ മുച്ചക്ര വാഹനങ്ങളും കാറും ലോറിയും മിനിബസുകളും പായിച്ചാണ് റാലി മേളം. പ്രവർത്തകരുടെ ആവേശപ്പെരുമഴയ്ക്ക് ഇടയിൽ പ്രത്യക്ഷപ്പെടുകയും പൊതുയോഗങ്ങളിൽ അഭിവാദ്യം അർപ്പിച്ച് ഉടനെ മടങ്ങുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾ ഓരോ പ്രദേശത്തെയും പ്രധാന വ്യക്തികളെയും സ്ഥാപന ഉടമകളെയും നേരിൽ സന്ദർശിക്കുന്നതിന്റെ തിരക്കിലായിരുന്നു ഇന്നലെ. രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അതതു സ്ക്വാഡ് പരിധിയിലെ വോട്ടർമാരുടെ വീടുകളിൽ സ്ലിപ്പുകൾ എത്തിക്കുന്നതിനും പോളിംഗ് സ്റ്റേഷനുകൾക്ക് സമീപം ഇലക്ഷൻ ബൂത്തുകൾ സജ്ജമാക്കുന്നതിനുമുള്ള തത്രപ്പാടിലാണ് താഴേത്തട്ടിലെ പ്രവർത്തകർ.

എൽ.ഡി.എഫിലെ ജോയി നേരത്തെ പ്രചാരണം തുടങ്ങിയ ആശ്വാസത്തിലായിരുന്നു.വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു ജോയിയുടെ പ്രചാരണം.അല്പം വൈകിയെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഷഫീറും മണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ പറഞ്ഞ് ഒപ്പത്തിനൊപ്പമെത്തി. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും കേന്ദ്രഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മും മത്സരത്തിൽ നിർണായകമാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ വർക്കല മൈതാനത്തു നിന്നും പ്രചാരണം ആരംഭിച്ചു. സംഘംമുക്ക്,പ്രസ് മുക്ക്, കാപ്പിൽ, വെൺകുളം,അയിരൂർ,ഇലകമൺ,കൊച്ചുപാരിപ്പള്ളി,പാളയംകുന്ന്, കോവൂർ,പനയറ,നരിക്കല്ല്മുക്ക്, മരക്കടമുക്ക്,പ്ലാവഴികം, താഴെവെട്ടൂർ,ചുമടുതാങ്ങി, പുത്തൻചന്ത വഴി തിരിച്ചു വർക്കല മൈതാനത്ത് സമാപിച്ചു. പ്രചാരണത്തിനിടയിൽ കല്ലമ്പലം കശുഅണ്ടി ഫാക്ടറിയിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയ ജോയിയെ തൊഴിലാളികൾ ഷാൾ അണിയിച്ചു സ്വീകരിച്ചു. തൊഴിലാളികളുടെ വോട്ട് ഉറപ്പിച്ചാണ് അടുത്ത സ്ഥലത്തേക്ക് നീങ്ങിയത്. കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഇന്നലെ സന്ദര്‍ശിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീറും ഇന്നലെ രാവിലെ നാവായിക്കുളം മേഖലയിലെ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ചു. തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ച ഷഫീറിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് വർക്കലയിലെ മത്സ്യബന്ധന തൊഴിലാളികളോടൊപ്പം കൂടി സമയം ചെലവഴിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പള്ളിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ്‌ ഷോയിൽ പങ്കെടുത്തു. മുൻ എം.എൽ.എ വർക്കല കഹാർ, ശശി തരൂർ തുടങ്ങിയവർ അനുഗമിച്ചതോടെ റോഡ്‌ ഷോയ്ക്ക് കൊഴുപ്പുകൂടി. മടവൂർ, തുമ്പോട്, സീമന്തപുരം, ഡീസന്റ്മുക്ക്, നാവായിക്കുളം, കല്ലമ്പലം, ഞെക്കാട്, വടശേരിക്കോണം, പാലച്ചിറ, വർക്കല ,മൈതാനം, കുരയ്ക്കണ്ണി, ഇടവ റെയിൽവേസ്റ്റേഷൻ, പുന്നമൂട് നടയറ വഴി വൈകിട്ടോടെ പാളയംകുന്നിൽ സമാപിച്ചു. നിരവധി വാഹനങ്ങളുടെയും വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ കടന്നുപോയ ജാഥയ്ക്ക് വൻ സ്വീകരണമാണ് ഓരോ ജംഗ്ഷനിലും ലഭിച്ചത്. ഇന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും കോളനികൾ സന്ദർശിക്കും.

എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന്റെ പ്രചാരണം ഇന്നലെ മടവൂർ,പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളിലായിരുന്നു. താമരയും കണിക്കൊന്നയും നൽകിയായിരുന്നു പല സ്ഥലങ്ങളിലും അജിയെ സ്വീകരിച്ചത്. പള്ളിക്കലിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് അജി സംസാരിച്ചു. അജിയുടെ പര്യടനം ഇന്നലെ അവസാനിച്ചു. പര്യടനവേളയിൽ വാഗ്ദാനങ്ങൾ നൽകിയും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞുമായിരുന്നു വോട്ടഭ്യർത്ഥന. മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കിയ അജി ഇന്ന് കോളനികൾ സന്ദർശിക്കും.

ചിറയിൻകീഴ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശശി ഇന്നലെ ചിറയിൻകീഴ്-കടയ്ക്കാവൂർ-അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ കോളനികളിലും ഗൃഹസന്ദർശനവും നടത്തി. ഇന്ന് കഠിനംകുളം, കിഴുവിലം, മംഗലപുരം, അഴൂർ തുടങ്ങിയ ഗ്രാമപഞ്ചായത്ത് മേഖലകളിൽ സന്ദർശനം നടത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ് അനൂപ് ഇന്നലെ രാവിലെ അഴൂരിലെ കോളനികളിലായിരുന്നു സന്ദർശനം. കഠിനംകുളം, മുദാക്കൽ ഗ്രാമപഞ്ചായത്തുകളിൽ വാഹനപര്യടനവും അഞ്ചുതെങ്ങിൽ ഭവന സന്ദർശനവും നടത്തി. ഇന്ന് രാവിലെ 7ന് അഴൂർ കയർ സൊസൈറ്റിയിലും 10 മുതൽ മണ്ഡലത്തിലെ വിവിധ കോളനികളിലും സന്ദർശനം നടത്തും. എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥിന്റെ ഗൃഹസന്ദർശന പരിപാടി ഇന്നലെ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോരാണി വാറുവിളാകത്തിൽ നിന്നാരംഭിച്ച് ചെമ്പൂരിൽ സമാപിച്ചു. ഇന്ന് അഞ്ചുതെങ്ങിൽ പര്യടനം നടത്തും.