കണ്ണൂർ: മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്നാണ് പ്രവചനം. ബംഗാളും ത്രിപുരയും കൈവിട്ട് കേരളത്തിൽ ഒതുങ്ങിയ ഇടതുപക്ഷത്തിന് ഇത് മേൽവിലാസത്തിന്റെ പ്രശ്നമാണ്. അതേസമയം, ഇത്തവണ ഭരണം കൈവിട്ടാൽ അടിത്തറയൊന്നാകെ ഒഴുകി പോയേക്കുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. എൽ.ജെ.ഡിയും കേരള കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികൾ ഇടതുപക്ഷത്തേക്ക് ചേക്കേറിയതിന്റെ നേട്ടം തെളിയിക്കേണ്ടത് അവരുടെ ബാദ്ധ്യത കൂടിയാകുന്നു. മലബാറിൽ മേൽക്കോയ്മ ഇടതുപക്ഷം നിലനിർത്തുമെങ്കിലും 2016 നെ അപേക്ഷിച്ച് യു.ഡി.എഫും സീറ്റ് നില ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയ്ക്ക് പുറമേ മത്സരിക്കുന്ന മഞ്ചേശ്വരത്താണ് ബി.ജെ.പി.യ്ക്ക് പ്രതീക്ഷ. മൂന്ന് പതിറ്റാണ്ടോളമായി രണ്ടാം സ്ഥാനത്തുള്ള മണ്ഡലം കഴിഞ്ഞ തവണ രണ്ടക്കത്തിനാണ് കൈമോശം വന്നത്. ആ നാണക്കേട് മറികടക്കണമെന്ന് ബി.ജെ.പി കരുതുമ്പോൾ സീറ്റ് നിലനിറുത്താൻ ലീഗ് നന്നായി വിയർപ്പ് ഒഴുക്കുന്നുണ്ട്. മൂന്നാം സ്ഥാനമെന്ന ദയനീയത മറികടക്കാൻ സി.പി.എമ്മും പോരാട്ടത്തിലാണ്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ ഉദുമ പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ സി.പി.എം.. ആവനാഴിയിലെ അവസാന ശ്രമവും നടത്തുന്നു. അഞ്ച് സീറ്റുകളുള്ള കാസർകോട് ജില്ലയിൽ ഒരിടത്താണ് ബി.ജെ.പിയ്ക്ക് പ്രതീക്ഷ. മഞ്ചേശ്വരവും കാസർകോടിനും പുറമേ ഉദുമ കൂടി പിടിച്ചെടുക്കാമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. തൃക്കരിപ്പൂരും കാഞ്ഞങ്ങാട്ടും ഭീഷണി ഇല്ലെങ്കിലും ഉദുമ ശക്തമായ പോരാട്ടത്തിലൂടെ നിലനിറുത്തുമെന്നും മഞ്ചേശ്വരത്ത് മാനം കാക്കുമെന്നുമാണ് ഇടത് പ്രതീക്ഷ.
അതേസമയം കണ്ണൂരിലെ പതിനൊന്ന് മണ്ഡലങ്ങളിൽ അഞ്ചിടത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. കേരള കോൺഗ്രസിന്റെ വരവോടെ ഇരിക്കൂറിൽ മത്സരം കടുക്കും. കെ.സി. ജോസഫ് 34 വർഷം കൈവശം വച്ച മണ്ഡലം ഇത്തവണ നേരിയ ഭൂരിപക്ഷത്തിൽ നിലനിറുത്താമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കെ.എം. ഷാജി മത്സരിക്കുന്ന അഴീക്കോട് സി.പി.എം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിനെ ഇറക്കിയതോടെ മത്സരം തീപാറും. ഷാജിക്കെതിരായ അഴിമതി ആരോപണവും സുമേഷിന്റെ വ്യക്തി പ്രഭാവവും ജയപരാജയത്തെ സ്വാധീനിക്കും. കൂത്തുപറമ്പിൽ കെ.പി. മോഹനനെതിരെ സി.പി.എം അണികളിലെ വികാരം അടിയൊഴുക്ക് ഉണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തലശേരിയിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥി ഇല്ലാതായതോടെ എൽ.ഡി.എഫിന് ആശങ്കയേറിയിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ ജനസ്വീകാര്യതയും സി.പി.എം. സ്ഥാനാർത്ഥിയുടെ പെരുമാറ്റത്തെ ചൊല്ലി പാർട്ടിയിൽ തന്നെ ഒരു വിഭാഗത്തിനുള്ള അതൃപ്തിയും ഇവിടെ ബാധിക്കും.
ആകെ മൂന്ന് മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിൽ സുൽത്താൻബത്തേരി മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. ഇത്തവണ കൽപ്പറ്റയിൽ സി.കെ. ശശീന്ദ്രനെ മാറ്റി ശ്രേയാംസ് കുമാർ വരുന്നതിൽ അണികൾക്കിടയിൽ അസ്വാരസ്യമുണ്ട്. ഇവിടെ മത്സരിക്കുന്ന ടി. സിദ്ദിഖ് രാഹുൽഗാന്ധിയ്ക്ക് വേണ്ടി വഴി മാറി കൊടുത്തതിലുള്ള സഹതാപ തരംഗവും മത്സരത്തെ സ്വാധീനിക്കും. മാനന്തവാടിയിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട പി.കെ. ജയലക്ഷ്മി വീണ്ടും രംഗത്തിറങ്ങിയപ്പോൾ ചെറിയ സഹതാപ തരംഗവും അലയടിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളാണ്. ഇതിൽ കഴിഞ്ഞ തവണ രണ്ട് ലീഗ് പ്രതിനിധികൾ മാത്രമാണ് നിയമസഭ കണ്ടത്. രണ്ട് പതിറ്റാണ്ടായി ഒരു കോൺഗ്രസുകാരനും വിജയിച്ചിട്ടില്ല. ഇത്തവണ കുറ്റ്യാടിയിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് തിരിച്ചെടുത്തെങ്കിലും ലീഗിലെ പാറക്കൽ അബ്ദുള്ളയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാൻ സി.പി.എമ്മിന് സാധിക്കുമോ എന്നും സംശയുമുണ്ട്. നാദാപുരത്തും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനാണ് സി.പി.ഐ ജയിച്ചത്. ഇത്തവണയും അന്നത്തെ അതേ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെതിരെ ലീഗ് മത്സരിക്കുമ്പോഴും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ബാലുശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയെ ഇറക്കിയത് ആവേശം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വെല്ലുവിളിയാകില്ലെന്നാണ് സി.പി.എം പ്രതീക്ഷ.
എലത്തൂരിൽ കോൺഗ്രസിലെ പടലപ്പിണക്കം യു.ഡി.എഫ് സാദ്ധ്യതയെ ദുർബലമാക്കും. ഇവിടെ ബി.ജെ.പി രണ്ടാമതെത്തുമെന്നും നിഗമനമുണ്ട്. കോഴിക്കോട് നോർത്തിൽ തീപാറും പോരാട്ടം ഉണ്ടാകും. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എം.ടി. രമേശ്, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ.എസ്.യു. നേതാവ് കെ.എം. അഭിജിത്ത് എന്നിവർ ശക്തമായി പോരാട്ടത്തിലാണ്. വടകര ആർ.എം.പിയുടെ കെ.കെ. രമയിലൂടെ യു.ഡി.എഫ്. പിടിച്ചെടുത്തേക്കും. കോഴിക്കോട് സൗത്തിൽ നിന്ന് എം.കെ. മുനീർ മാറിയതോടെ നൂർബീന റഷീദാണ് സ്ഥാനാർത്ഥി.
ഇടതിൽ നിന്ന് ഐ.എൻ.എൽ മത്സരിക്കുന്ന കാരണത്താൽ ഭൂരിപക്ഷ വോട്ട് ബി.ജെ.പിയിലേക്ക് മറിയും. തിരുവമ്പാടി യു.ഡി.എഫ് കേന്ദ്രമാണെങ്കിലും ഇടതാണ് അടുത്ത കാലത്തായി വിജയിക്കുന്നത്. ക്രിസ്ത്യൻ വോട്ട് ഇടതിലേക്ക് ചായാനാണ് സാദ്ധ്യത. കൊടുവള്ളി മുനീറിലൂടെ ലീഗ് തിരിച്ച് പിടിക്കുമെന്നാണ് പ്രതീക്ഷ. കൊയിലാണ്ടിയിൽ കോൺഗ്രസ് സംഘടനാ പ്രശ്നം പരിഹരിച്ചത് ഇടതിന് വെല്ലുവിളിയാകും.
12 മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയിൽ തൃത്താല പ്രവചനാതീതമാണ്. വി.ടി. ബൽറാം, എം.ബി. രാജേഷ് എന്നിവർ ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ശങ്കു ടി. ദാസാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. ദേശീയ തലത്തിൽ ശ്രദ്ധേയമായ പാലക്കാട് ഇ. ശ്രീധരന് ആദ്യ ഘട്ടത്തിൽ മേൽക്കോയ്മ ഉണ്ടായിരുന്നെങ്കിലും ഷാഫി പറമ്പിൽ വീണ്ടും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം, മോദി എത്തിയതോടെ എൻ.ഡി.എ. ക്യാമ്പ് പ്രതീക്ഷയിലാണ്. മലമ്പുഴയിൽ എൻ.ഡി.എയും സി.പി.എമ്മുമാണ് നേരിട്ടുള്ള മത്സരം.
കെ.പി.സി.സി. നിർവാഹക സമിതി അംഗമായിരുന്ന എ. രാമസാമി രാജിവച്ച് ഇടതുപക്ഷത്തേക്ക് പോയത് കോൺഗ്രസിന് നിരാശയായിട്ടുണ്ട്. നെന്മാറ സി.എം.പിയ്ക്ക് വിറ്റതായും ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണ മലമ്പുഴയിൽ വോട്ട് മറിച്ചതായും ആക്ഷേപിച്ചായിരുന്നു രാജി. മലമ്പുഴയിൽ ഇത്തവണ വി.എസ്. മത്സരിക്കുന്നില്ല. തരൂരിൽ എ.കെ. ബാലനും ഷൊർണൂരിൽ പി.കെ. ശശിയും ഒറ്റപ്പാലത്ത് പി. ഉണ്ണിയും മത്സരിക്കാത്തത് കോൺഗ്രസ് ക്യാമ്പിന് പ്രതീക്ഷയായി. ചിറ്റൂരിൽ മന്ത്രി കൃഷ്ണൻ കുട്ടിയാണ് മത്സരിക്കുന്നത്. ഇടതിൽ നിന്ന് രണ്ട് സീറ്റ് കൂടി പിടിക്കുന്ന യു.ഡി.എഫ് അംഗ സംഖ്യ അഞ്ചിലേക്ക് ഉയർത്തിയേക്കാം.
16 സീറ്റുകളുള്ള മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ തവണ ഇടതിന് നാല് സീറ്റുകളാണ് ലഭിച്ചത്. വി. അബ്ദുൾ റഹ്മാനിലൂടെ താനൂരും പി.വി. അൻവറിലൂടെ നിലമ്പൂരിലും അട്ടിമറി വിജയം നേടി. തവനൂരിൽ കെ.ടി. ജലീലും പൊന്നാനിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണനുമാണ് വിജയിച്ചത്. ഇത്തവണ ഇതിൽ രണ്ട് സീറ്റുകൾ സംരക്ഷിക്കാൻ സാധിക്കുമോ എന്നാണ് ഇടതിന്റെ ആശങ്ക. ഇത്തവണ മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറത്തെ അമ്പരപ്പിച്ച് 2006 ലാണ് ഏറ്റവും ശക്തമായ മത്സരം നടന്നത്. കുഞ്ഞാലിക്കുട്ടിയടക്കം കുറ്റിപ്പുറത്ത് കാലിടറി വീണു. എന്നാൽ, അതിന് മുൻപോ ശേഷമോ അത്തരം ഒരു അടിയൊഴുക്ക് മലപ്പുറം ജില്ലയിൽ ലീഗ് പ്രതീക്ഷിക്കുന്നില്ല.