opininin

സംസ്ഥാനം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് ഏഴുമണിക്ക് അവസാനിക്കുകയാണ്. പ്രചാരണത്തിന് ഏറ്റവും കുറഞ്ഞ ദിവസങ്ങൾ ലഭിച്ച തിരഞ്ഞെടുപ്പും ഒരുപക്ഷേ ഇതു തന്നെയാകാം. അതുകൊണ്ടുതന്നെ മണ്ഡലങ്ങളെ മൂന്നു മുന്നണികളും ഇളക്കിമറിച്ചു എന്നു പറയാം. അവസാന നാൾ പതിവുള്ള കൊട്ടിക്കലാശം ഇക്കുറി തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. കൊവിഡ് ഇല്ലെങ്കിൽപ്പോലും അവസാന മണിക്കൂറിലെ ഈ കോപ്രായം ഏറെ അരോചകവും മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതുമായി മാറിയിട്ടുണ്ട്. ഒടുങ്ങാത്ത സംഘർഷങ്ങൾക്കും ഏറ്റുമുട്ടലിനും വരെ അതു വഴിമരുന്നിടാറുമുണ്ട്. മുന്നണി പ്രവർത്തകർ ഒരേ സ്ഥലത്തു കേന്ദ്രീകരിച്ച് ബലാബലം പ്രദർശിപ്പിക്കുന്ന സമ്പ്രദായം എല്ലാ സീമകളും ഉല്ലംഘിച്ച് തെരുവു യുദ്ധത്തിലേക്കുവരെ ചില അവസരങ്ങളിൽ നീങ്ങാറുണ്ട്. സ്ഥാനാർത്ഥികൾക്കാകട്ടെ ഒരു അധികച്ചെലവിനപ്പുറം പ്രത്യേകിച്ചു നേട്ടമൊന്നും കൈവരുന്നുമില്ല. ആരോഗ്യകരവും സംസ്കാര സമ്പന്നവുമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളിലെ കൊട്ടിക്കലാശം എന്നും അപവാദം തന്നെയാണ്. അതുപോലെ പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തകർ നടത്തുന്ന ഇരുചക്ര വാഹനറാലിക്കും വെള്ളിയാഴ്ച രാത്രി മുതൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതും സമീപകാലത്ത് തുടങ്ങിയ 'ആചാര"മാണ്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ ഒന്നിച്ച് നിരത്തുകൾ കീഴടക്കുമ്പോൾ കഷ്ടത്തിലാകുന്നത് അത്യാവശ്യ കാര്യങ്ങൾക്കായി ഇറങ്ങുന്ന സാധാരണക്കാരാണ്. വാഹനറാലിക്കാരുടെ സൗമനസ്യത്തെ ആശ്രയിച്ചാകും അവരുടെ യാത്ര. കൊവിഡ് ഭീഷണി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതിനാൽ ആളുകൾ കൂട്ടംചേരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. നിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ട കാര്യമില്ല. കേരളം ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങളിൽ സ്ഥിതി വീണ്ടും അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടം ചേരലും സാമൂഹിക അകലം വെടിഞ്ഞുള്ള പെരുമാറ്റവും ഏറെ അപകടകരമാകും. തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിനുള്ള നിമിത്തമായി മാറാതിരിക്കാൻ രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്ന എല്ലാവരും ശ്രദ്ധിക്കണം.

രാഷ്ട്രീയച്ചൂട് മൂർദ്ധന്യത്തിലെത്തിയിട്ടും ഇക്കുറി തിരഞ്ഞെടുപ്പു പ്രചാരണരംഗം പൊതുവേ സംഘർഷരഹിതമായിരുന്നു എന്നതിൽ എല്ലാവർക്കും അഭിമാനിക്കാം. അങ്ങിങ്ങ് ചില്ലറ അനിഷ്ടസംഭവങ്ങളുണ്ടായെങ്കിലും സമാധാനാന്തരീക്ഷം തകരുന്ന നിലയിലുള്ള സംഘർഷങ്ങൾ ഉണ്ടായില്ല. വോട്ടെടുപ്പ് ദിനത്തിലും അതു കഴിഞ്ഞും ഈ അന്തരീക്ഷം നിലനിറുത്തേണ്ടതുണ്ട്. വോട്ടെടുപ്പിനോടനുബന്ധിച്ച് പലരും കണക്കുതീർക്കാൻ കാത്തിരിക്കുന്ന പതിവുണ്ട്. നിയമപാലകർ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനങ്ങളാണിത്.

ഇരട്ട വോട്ടിനെച്ചൊല്ലി നിലനിൽക്കുന്ന വിവാദങ്ങൾ പോളിംഗ് ബൂത്തുകളിൽ ചൂടും പുകയും പതിവിലേറെ ഉയരാൻ കാരണമായേക്കും. സംയമനം വെടിയാതിരിക്കാൻ പ്രവർത്തകരും അവരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും സമാധാനം പുലരുന്ന സംസ്ഥാനമെന്ന ഖ്യാതി നിലനിറുത്താനായിരിക്കണം ഓരോരുത്തരും ശ്രമിക്കേണ്ടത്. തിരഞ്ഞെടുപ്പ് വരികയും പോവുകയും ചെയ്യും. വോട്ടെടുപ്പ് കഴിഞ്ഞാലും ആളുകൾ എന്നും പരസ്പരം കാണേണ്ടവരാണ്. വിദ്വേഷവും പകയും മനസിൽ നിന്ന് പാടേ തൂത്തെറിയണം. കണക്കുതീർക്കാൻ വാടകയ്ക്ക് ആളെ തേടാൻ നിൽക്കരുത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആവേശം മൂത്ത് അതിരു ചാടാൻ ഒരുങ്ങുന്നവർക്കുള്ള മുന്നറിയിപ്പാണത്. അവസാന മണിക്കൂറിലെ കൂട്ടപ്പൊരിച്ചിൽ മുടങ്ങിയതിൽ പലർക്കും വൈക്ലബ്യമുണ്ടാകും. എന്നാൽ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉൾപ്പെട്ട പ്രശ്നമായതിനാൽ ഇതിനോട് പൂർണമായും സഹകരിക്കുകയെന്നതാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ കക്ഷികളുടെ ചുമതല.