ambil-ka

വെഞ്ഞാറമൂട്:പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ സ്ഥാനാർത്ഥികൾ അവസാനവട്ട ഓട്ടത്തിലാണ്. ശേഷിക്കുന്ന സമയത്ത് കുടുംബ സംഗമങ്ങളിലൂടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വാമനപുരം,ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ മുന്നണികൾ ഇതിനകം അൻപതിലധികം കുടുംബ സംഗമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ,വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുടുംബ സംഗമങ്ങളും കുടുംബയോഗങ്ങളും പ്രധാനമായും നടത്തുന്നത്.

യു.ഡി.എഫ് പഞ്ചായത്തിലെ ബൂത്തുകൾ അടിസ്ഥാനമാക്കിയാണ് കുടുംബ സംഗമങ്ങൾ വിളിച്ചുചേർക്കുന്നത്. മണ്ഡലത്തിൽ ഇതിനകം ചെറുതും വലുതുമായ അമ്പതിലധികം കുടുംബ സംഗമങ്ങളാണ് യു.ഡി.എഫ് നടത്തിയത്. ഓരോ ബൂത്തിലെയും 10 മുതൽ 25 വീടുകൾ വരെ കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ് കുടുംബയോഗങ്ങൾ നടത്തുന്നത്. മണ്ഡലത്തിലെ ഓരോ ലോക്കൽ കേന്ദ്രീകരിച്ച് വിശാലമായ കുടുംബസംഗമങ്ങളും ഇടതുമുന്നണി നടത്തിവരുന്നുണ്ട്.എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ മുന്നണിക്ക് സ്വാധീനമുള്ള മേഖലകളിൽ കുടുംബ സംഗമങ്ങൾക്ക് പുറമെ മഹിളാ സംഗമങ്ങളും നടത്തിവരുന്നു.പരമാവധി വോട്ടർമാരെ ഒരിടത്ത് എത്തിച്ച് അവരുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നണികൾ കുടുംബ സംഗമങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.വികസന നേട്ടങ്ങളും പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളുമാണ് സംഗമങ്ങളിലെ പ്രധാന ചർച്ചാവിഷയം. സ്ഥാനാർത്ഥികളുടെ അഭാവത്തിൽ ഓരോ മുന്നണികളുടെയും ഉന്നത നേതാക്കന്മാരാണ് സംഗമങ്ങളിൽ സംസാരിക്കുന്നത്.ആളുകളെ ആകർഷിക്കാൻ പല സംഗമങ്ങളിലും കലാപരിപാടികൾക്ക് പുറമേ ഭക്ഷണവും ഒരുക്കുന്നുണ്ട്. അവശേഷിക്കുന്ന നാളെ ഒരു ദിവസവും കൂടുതൽ കുടുംബ സംഗമങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.

ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്.അംബികയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച സമാപിച്ചു കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക് റാലി മണ്ഡലം മുഴുവൻ പര്യടനം നടത്തി.സ്ഥാനാർത്ഥി കഴിഞ്ഞദിവസം അമ്പലങ്ങൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി എ. ശ്രീധരൻ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ നഗരസഭയിൽ പര്യടനം നടത്തിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനം പൂർത്തിയായി.ഇനി കുടുംബയോഗങ്ങളിൽ പങ്കെടുക്കും.എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീർ കഴിഞ്ഞ ദിവസം ചെറുന്നിയൂർ പഞ്ചായത്തിലെ വടശേരി കോണത്തു നിന്ന് പര്യടനം ആരംഭിച്ച് വക്കം പഞ്ചായത്തിൽ സമാപിച്ചു.ഇതോടെ സ്ഥാനാർത്ഥിയുടെ പര്യടനം പൂർത്തിയായി. ഇനി കുടുംബയോഗങ്ങളിൽ പങ്കെടുക്കും.

വാമനപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനങ്ങൾ എൽ.ഡി.എഫും എൻ.ഡി.എ യും പൂർത്തിയാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളിയുടെയും,എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്റെയും പര്യടനങ്ങളാണ് പൂർത്തിയായത്.യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ പര്യടനം കഴിഞ്ഞ ദിവസം ആനാട് ,പാങ്ങോട് പഞ്ചായത്തുകളിൽ നടന്നു. ഇന്ന് പങ്ങോട് പഞ്ചായത്തിൽ പര്യടനം സമാപിക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളി കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ യോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. ബൊട്ടാണിക്കൽ ഗാർഡൻ,ബ്രൈമൂർ എന്നിവിടങ്ങളിൽ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ ആനാട് പഞ്ചായത്തിൽ പര്യടനം നടത്തി.കഴിഞ്ഞ ദിവസം പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗുമൊത്ത് വെഞ്ഞാറമൂട്ടിൽ റോഡ് ഷോ നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. പെരിങ്ങമ്മല പിന്നാക്ക കോളനികൾ സന്ദർശിച്ചു.എൻ.ഡി.എ യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് വെഞ്ഞാറമൂട്ടിൽ യുവജനസംഗമം നടത്തും.