തിരുവനന്തപുരം: ഹാർബർ നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകൾ കണ്ടറിയാൻ കേന്ദ്രമന്ത്രിമാരുടെ സംഘം വലിയതുറ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, വി. മുരളീധരൻ എന്നിവരാണ് സന്ദർശനം നടത്തിയത്. വലിയതുറയിൽ ഹാർബർ നിർമ്മിക്കണമെന്നത് വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണെന്ന നിവേദനം കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രമന്തിമാർ വലിയതുറ സന്ദർശിച്ചത്.

ഹാർബർ പരിഗണിക്കുമെന്ന് സന്ദർശനത്തിനുശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചു. ഹാർബർ നിർമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ, കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന ഉറപ്പും കേന്ദ്രമന്ത്രിമാർ നൽകി.

വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസിക്ക് നൽകിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ആരോപിച്ചു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കർശന നടപടി വേണം. സംസ്ഥാനത്തെ പോസ്റ്റൽ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റൽ വോട്ടിന്റെ മറവിൽ സി.പി.എം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.