കോട്ടയം: ഓട്ടോറിക്ഷയിലും ബൈക്കിലും ചുറ്റിക്കറങ്ങി മദ്യം വിറ്റുവന്ന ദമ്പതികൾ അറസ്റ്റിൽ. പാമ്പാടി വെള്ളൂർ സ്വദേശിനി ലത, ഭർത്താവ് പറവൂർ മംഗലപ്പറമ്പിൽ പ്രസാദ് എന്നിവരാണ് കോട്ടയത്ത് പൊലീസിന്റെ പിടിയിലായത്. വർഷങ്ങളായി ഇവർ ഇത്തരത്തിൽ മദ്യവില്പന നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ലതയാണ് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനല്‍കിയിരുന്നത്. മിക്കപ്പോഴും കൂടെ ഭർത്താവും ഉണ്ടാവും. ഓട്ടോ റിക്ഷയിലാണ് ഇവർ മദ്യവിതരണത്തിന് പോയിരുന്നത്. കൂടാതെ ബൈക്കിലും മദ്യം എത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച് യാത്രചെയ്യുന്നതിനാൽ മദ്യവില്പന ആണെന്ന് ആർക്കും മനസിലാവില്ല. പുതിയതായി ആളുകൾ മദ്യം ചോദിച്ചാൽ ഇവർ കൊടുക്കുകയുമില്ല. അതിനാലാണ് ഇത്രയും നാൾ ഇവരെ പിടികൂടാൻ സാധിക്കാതിരുന്നത്.
ഇവരുടെ വെള്ളൂരിലെ വീട് കേന്ദ്രീകരിച്ചും മദ്യവിതരണം ഉണ്ടായിരുന്നു. അടുത്തറിയാവുന്ന ആളുകൾക്ക് മാത്രമേ മദ്യം വീട്ടിൽ നല്കിയിരുന്നുള്ളു. നേരത്തെ വിളിച്ചുപറഞ്ഞാൽ കപ്പയും മീൻകറിയും ലത ശരിയാക്കി വയ്ക്കും. അതിനാൽ ഗ്രൂപ്പായും ഇവിടെ മദ്യസേവക്ക് ആളുകൾ എത്തിയിരുന്നതായി പറയുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.