കോട്ടയം: കഴിഞ്ഞ ശനിയാഴ്ച മലപ്പുറത്ത് മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (22) മരണമടഞ്ഞത് വാഹനം ഇടിച്ചതിനെ തുടർന്നെന്ന് കണ്ടെത്തി. തൊടുപുഴ സ്വദേശി അറസ്റ്റിൽ. കല്ലൂർ കുടിയത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് തൊടുപുഴ കോടതിയിൽ ഹാജരാക്കും.
ഹൃദയാഘാതം മൂലമാണ് അമൽ മരിച്ചതെന്നായിരുന്നു ബന്ധുക്കളും മറ്റും കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ നട്ടെല്ലിനു കരളിനും ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. പുറമെ കാര്യമായ പരിക്കുകളൊന്നും കണ്ടെത്താതിരുന്നതോടെയാണ് ഹൃദയാഘാതം മൂലം റോഡിൽ മരിക്കുകയായിരുന്നുവെന്ന് എല്ലാവരും കരുതിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് സി.സി ടി.വി പരിശോധിക്കവെയാണ് ആന്റോ ഓടിച്ചിരുന്ന പിക്കപ്പ് വാൻ അമലിനെ ഇടിക്കുന്ന ചിത്രം സഹിതം കണ്ടെത്തിയത്. വാഹനത്തിന്റെ നമ്പർ വച്ചുള്ള തിരച്ചിലിലാണ് ആന്റോയെ പിടികൂടി ചോദ്യം ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. പരസ്യബോർഡുമായി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അമലിനെ പിന്നിൽ നിന്ന് ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.