kadakampally-surendran

തിരുവനന്തപുരം: എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി പങ്കെടുത്ത യോഗം കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയത് സ്പോർട്സ് ഹബ്ബിന്റെ ടർഫ് നശിക്കാൻ ഇടയാക്കിയതായി കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സ്റ്റേഡിയം വീണ്ടെടുക്കും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന കൂട്ടരാണിവർ എന്നോർക്കണം. സൈനികറാലിക്കായി സ്റ്റേഡിയം ഉപയോഗിച്ചപ്പോൾ വിമർശിച്ച ഇവർക്ക് ഇപ്പോൾ മറുപടിയുണ്ടോ ?. റലി മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെങ്കിലും പരിമിത സമയത്തിനുള്ളിൽ മറ്റൊരു വേദി കണ്ടെത്താനായില്ല. ഇതിനെതിരെ വാളെടുത്ത ബി.ജെ.പി നേതാക്കളും അണികളും സമ്മേളനം സ്റ്റേഡിയത്തിനുള്ളിൽ നടത്തിയത് ന്യായീകരിക്കുന്നത് അല്പത്തരമാണ്. ഓരോ വിഷയത്തിലും എത്രത്തോളം കാപട്യം നിറഞ്ഞവരാണ് ഇവർ എന്നതാണ് ഇവിടെ തെളിയുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗം സ്‌പോർട്‌സ് ഹബ്ബിന് മുന്നിലെ റോഡിലാണ് സംഘടിപ്പിച്ചത്. ബി.ജെ.പിക്ക് യോഗം സ്റ്റേഡിയത്തിൽ നടത്തണമെങ്കിൽ ഗാലറിയിൽ ഇരപ്പിടങ്ങൾ ഒരുക്കണമായിരുന്നു. അല്ലാതെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു പരിപാലിക്കുന്ന ടർഫിൽ ഇരിപ്പിടം തയ്യാറാക്കുകയല്ല വേണ്ടിയിരുന്നത്. കഴക്കൂട്ടത്തെ നന്നാക്കിയില്ലെങ്കിലും നശിപ്പിക്കാതിരുന്നാൽ വലിയ ഉപകാരമായിരിക്കുമന്നും കടകംപള്ളി കുറിപ്പിൽ പറയുന്നു.