ചേർപ്പ്: കരുവന്നൂരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു. ബസ് കണ്ടക്ടർ വെള്ളാങ്കല്ലൂർ പോക്കോടൻ ഗ്ലാഡ്വിനെയാണ് (22) കുത്തിപ്പരിക്കേൽപ്പിച്ചത്. നെഞ്ചിലും പുറത്തും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഗ്ലാഡ്വിനെ ചേർപ്പ് സ്വകാര്യ ആശുപത്രിയിലും കുത്ത് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കരുവന്നൂരിൽ വെച്ച് ബസ് ജീവനക്കാരും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടംഗസംഘവും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. രണ്ടംഗ സംഘത്തിലെ ഒരാൾ ബസിൽ അതിക്രമിച്ച് കയറി കത്തി കൊണ്ട് കണ്ടക്ടർ ഗ്ലാഡ്വിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടാനായിട്ടില്ല. ചേർപ്പ് സി.ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.