തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആചരിക്കും. ലോകത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങി കുരിശിൽ മരിച്ച യേശുദേവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയാണ് ഈസ്റ്റർ. 50 ദിവസം നീണ്ട നോമ്പിനും ഇന്ന് പരിസമാപ്തിയാകും. ഇന്നലെ രാത്രിയോടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു. പട്ടം മേജർ ആർച്ച് ബിഷപ്‌സ് ഹൗസ് ചാപ്പലിൽ നടന്ന പ്രാർത്ഥനയ്ക്ക് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. ലത്തീൻ അതിരൂപതയിലെ പള്ളികളിൽ ഇന്നലെ രാത്രി 11ഓടെ ഉയിർപ്പ് കർമ്മങ്ങൾ ആരംഭിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യകാർമ്മികനായി. സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ അർദ്ധരാത്രിക്ക് ശേഷമാണ് തിരുകർമങ്ങൾ ആരംഭിച്ചത്.