തിരുവനന്തപുരം: വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യവിതരണം, സൗജന്യ സൽക്കാരം, പാരിതോഷികങ്ങളുടെ വിതരണം എന്നിവ ഇനി അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സ്ഥാനാർത്ഥിക്കൊപ്പമുള്ള വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഇത് പ്രത്യേക സ്ക്വാഡുകൾ നിരീക്ഷിക്കും. ചെക്ക്പോസ്റ്റുകളിൽ പരിശോധന കൂടുതൽ ശക്തമാക്കി.
നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്തവരുടെ സാന്നിദ്ധ്യം പരസ്യപ്രചാരണം അവസാനിച്ചശേഷം അനുവദിക്കില്ല. ഗസ്റ്റ് ഹൗസുകളിൽ ഉൾപ്പെടെ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേകസംഘം നിരീക്ഷിക്കും. സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോ വോട്ടർമാരെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കും.
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ ഒരുതരത്തിലുള്ള പ്രചാരണവും അനുവദിക്കില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
വോട്ടറെ വാഹനത്തിൽ
ബൂത്തിലെത്തിക്കരുത്
സ്ഥാനാർത്ഥിക്കും ഇലക്ഷൻ ഏജന്റിനും പാർട്ടി പ്രവർത്തകർക്കും ഓരോ വാഹനമേ വോട്ടെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടർമാരെ സ്ഥാനാർത്ഥികളോ, ബൂത്ത് ഏജന്റുമാരോ വാഹനങ്ങളിൽ ബൂത്തുകളിൽ കൊണ്ടുവരാൻ പാടില്ല. സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ബൂത്തുകൾ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിക്കുള്ളിൽ പാടില്ല.
ഭിന്നശേഷിക്കാർക്ക് വോട്ടുചെയ്യാൻ
പ്രത്യേക സജ്ജീകരണങ്ങൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് സുഗമമായി വോട്ട് ചെയ്യുന്നതിനായി റാമ്പ് അടക്കമുള്ള സജ്ജീകരണങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കാഴ്ചപരിമിതരായ വോട്ടർമാർക്ക് സ്വയം വോട്ട് ചെയ്യുന്നതിനായി ബ്രെയിലി ഡമ്മി ബാലറ്റ് ഷീറ്റുകൾ എല്ലാ പോളിംഗ് ബൂത്തുകളിലും ലഭ്യമാക്കും. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. പരാതികളുള്ളവർക്ക് scpwdkerala@gmail.com എന്ന മെയിലിൽ പരാതികൾ അയക്കാം.