തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ധീരമായ നിലപാട് സ്വീകരിച്ചത് വി.എസ്. ശിവകുമാറാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ ജഗതിയിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചത് അദ്ദേഹം ദേവസ്വം മന്ത്രിയായിരിക്കെയാണ്. യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചതാണ് ശബരിമലയെ കലാപഭൂമിയാക്കി മാറ്റിയത്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് വേണമെന്ന ശിവകുമാറിന്റെ ആവശ്യത്തെത്തുടർന്ന് അനുവാദം നൽകി. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരവും നേടിയെങ്കിലും ഈ സർക്കാർ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അഞ്ചുവർഷത്തെ ഭരണം വിലയിരുത്തുമ്പോൾ ഭരണത്തുടർച്ചയ്‌ക്ക് ഈ സർക്കാർ യോഗ്യരല്ലെന്ന് ജനം വിധിയെഴുതുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ചടങ്ങിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. വേണുഗോപാൽ, എം.ആർ. മനോജ്, എം. ശ്രീകണ്ഠൻനായർ, പാളയം ഉദയൻ, ആർ. ഹരികുമാർ, വലിയശാല പരമേശ്വരൻ നായർ, തൈക്കാട് രമേശ്,​ മറ്റ് യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.