തിരുവനന്തപുരം: പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ 96വയസുകാരി ഗോമതി അമ്മ മരിച്ചെന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചെന്ന് പരാതി. ഇതിനെതിരെ യു.ഡി.എഫ് കഴക്കൂട്ടം മണ്ഡലം ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് ചെമ്പഴന്തി അനിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴക്കൂട്ടം മണ്ഡലത്തിലെ ഇടവക്കോട് സ്വദേശിയായ ഗോമതിഅമ്മ ബന്ധുക്കളുടെ സഹായത്തോടെ രണ്ടാഴ്ച മുമ്പാണ് തപാൽവോട്ടിന് അപേക്ഷിച്ചത്. ബി.എൽ.ഒ ഉൾപ്പെടെ വീട്ടിലെത്തി രേഖകൾ പരിശോധിച്ചും വോട്ടറെ നേരിട്ടുകണ്ടും അപേക്ഷ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ എന്നിവയും പരിശോധിച്ചു. എന്നാൽ വോട്ട് രേഖപ്പെടുത്താൻ സമയമായപ്പോൾ ആരുമെത്തിയില്ല. മരിച്ചുവെന്ന് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നതായാണ് ഗോമതി അമ്മയുടെ കൊച്ചുമക്കൾ അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മറുപടി.
ജീവിച്ചിരിക്കുന്ന വ്യക്തി എങ്ങനെ മരിച്ചവരുടെ പട്ടികയിൽ വന്നു എന്നതിന് ഉദ്യോഗസ്ഥർ ഉത്തരം നൽകുന്നില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും കെടുകാര്യസ്ഥതയും കാരണം വോട്ട് നഷ്ടപ്പെട്ടതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.