തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയെ കസ്റ്റംസ് അവഹേളിച്ചെന്ന് രാജു എബ്രഹാം നൽകിയ പരാതിയിൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി കസ്റ്റംസ് ജോയിന്റ് കമ്മിഷണർ വസന്തഗോപന് നോട്ടീസയച്ചതോടെ പോര് വീണ്ടും മുറുകി.
കഴിഞ്ഞ സഭാസമ്മേളനകാലത്ത് രാജു എബ്രഹാം നൽകിയ പരാതിയിലാണ് സഭാസമിതി നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചത്. മറുപടി നൽകാൻ സമയം നീട്ടിക്കിട്ടണമെന്നഭ്യർത്ഥിച്ചുള്ള കസ്റ്റംസിന്റെ കത്ത് ഇന്നലെ നിയമസഭയ്ക്ക് ലഭിച്ചു. പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായി ജോയിന്റ് കമ്മിഷണർ പോയതിനാലാണ് സമയം നീട്ടിച്ചോദിച്ചിരിക്കുന്നത്.
അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെ വിളിപ്പിച്ചത് നിയമപ്രകാരമല്ലെന്ന് സഭാ സെക്രട്ടറി അന്ന് കസ്റ്റംസിനെ ധരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയിൽ നിയമസഭയെ അവഹേളിച്ചെന്നാണ് പരാതിയുണ്ടായത്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിവിലജസ് കമ്മിറ്റി കസ്റ്റംസ് ജോയിന്റ് കമ്മിഷണർക്ക് വീണ്ടും നോട്ടീസയച്ചത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും മറുപടി സഭയെ അവഹേളിക്കുന്നതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഡോളർ കേസിൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ചത്. ഇത് ശരിയായ രീതിയിലല്ലെന്നാണ് നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. എന്നാൽ, നിയമസഭയ്ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ വിളിക്കുമ്പോൾ സഹകരിക്കണമെന്നും നിയമസഭാ സെക്രട്ടേറിയറ്റിന് കസ്റ്റംസ് വീണ്ടും മറുപടി നൽകി. നിയമസഭയുടെ അവകാശത്തെ ലംഘിക്കുന്ന നടപടിയാണിതെന്ന് സഭാസമിതി വിലയിരുത്തി.