kalaskott

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് വിലക്കാണെങ്കിലും അതിനെ വെല്ലുന്ന തരത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടി മുന്നണികൾ നാടിളക്കി മറിക്കുന്നു. അതേസമയം,​ മുഖ്യമന്ത്രിക്ക് പ്രചാരണവേളയിൽ ചാർത്തപ്പെട്ട ക്യാപ്റ്റൻ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറിൽ തീപിടിപ്പിക്കുന്ന ചർച്ചയ്‌ക്കും വഴിയൊരുക്കി.

തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സർവ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എൻ.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.

സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ പരമാവധി കൊഴുപ്പിക്കുന്ന പ്രതിപക്ഷം, ഏറ്റവുമൊടുവിൽ എടുത്തു വീശുന്നത് അദാനിക്ക് ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാർ ആരോപണമാണ്.

മോദിയും അമിത് ഷായും രാഹുലും പ്രിയങ്കയും യെച്ചൂരിയും ഉൾപ്പെടെ നിറഞ്ഞു നിന്നതോടെ ഇത്തവണ പ്രചാരണ വേദികൾ തിളച്ചുമറിഞ്ഞു. ഇന്നലെ അമിത് ഷാ വടക്കൻ മേഖലയിൽ പര്യടനം നടത്തി. ഇന്ന് രാഹുൽ നേമം മണ്ഡലത്തിലെ പൂജപ്പുരയിലെത്തും.

ഇടതു പ്രചാരണത്തിന്റെ നെടുന്തൂണായ പിണറായി വിജയന്റെ യോഗങ്ങളിലെ വൻ ജനാവലി ഇടതു ക്യാമ്പുകളിൽ ആവേശമുണർത്തി. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും വിമർശനം കടുപ്പിച്ചു.

സ്വർണക്കടത്തും ശബരിമലയും ആഴക്കടൽ വിവാദവും ലവ് ജിഹാദും തൊട്ട് ബി.ജെ.പി ബാന്ധവത്തെ ചൊല്ലിയുള്ള തർക്കം വരെയാണ് ആയുധങ്ങൾ. ബി.ജെ.പി ബാന്ധവം യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ആരോപിച്ചപ്പോൾ യു.ഡി.എഫ് - എൽ.ഡി.എഫ് ലയനമാണ് നല്ലതെന്നു പരിഹസിച്ചാണ് മോദി തിരിച്ചടിച്ചത്.

നേമപ്പോര് രൂക്ഷം

രാജ്യമാകെ ഉറ്റുനോക്കുന്ന നേമത്ത് 'ബാന്ധവ'ത്തെ ചൊല്ലിയുള്ള വാക്പോര് രൂക്ഷമാണ്. രണ്ടാം സ്ഥാനത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കട്ടെയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞപ്പോൾ മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്നാണ് ഇടതുസ്ഥാനാർത്ഥി വി. ശിവൻകുട്ടി വാദിച്ചത്. കോൺഗ്രസ്- മാർക്സിസ്റ്റ് സഖ്യമാണ് നേമത്തെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തി. ഇവിടെ മൂന്നാം സ്ഥാനത്ത് ആരാകുമെന്നതും ആകാംക്ഷയുണർത്തുന്നു.

ക്യാപ്റ്റൻ ആര്?​


ക്യാപ്റ്റൻ മുഖ്യമന്ത്രിയോ പാർട്ടിയോ എന്നാണ് ഇടതിലെ ചർച്ച. പാർട്ടിയാണ് ക്യാപ്റ്റനെന്നും പിണറായിയും വി.എസുമെല്ലാം സഖാക്കളാണെന്നും പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടെയാണ് ചർച്ചയായത്. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും പാർട്ടിയാണ് ക്യാപ്റ്റനെന്നും പി. ജയരാജൻ ഫേസ്ബുക് പോസ്റ്റിട്ടതോടെ ചർച്ചയ്ക്ക് തീ പിടിച്ചു. കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാവരും സഖാക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. പിണറായിയാകട്ടെ അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.

നേരത്തേ പി. ജയരാജനെ അണികൾ ചെഞ്ചോരപ്പൊൻകതിരെന്ന് വിശേഷിപ്പിച്ച വേളയിൽ,​ വ്യക്തിപൂജ സി.പി.എം അംഗീകരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിന് നിന്നുകൊടുത്തതിന് സി.പി.എം സംസ്ഥാന കമ്മിറ്റി ജയരാജന് താക്കീതും നൽകി. വി.എസ് കൊണ്ടാടപ്പെട്ടപ്പോഴും വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. അതാണിപ്പോഴത്തെ ചർച്ചകളെയും ശ്രദ്ധേയമാക്കുന്നത്.