
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ കൂട്ടിയും കിഴിച്ചും പ്രതീക്ഷകളെ ഉറപ്പിക്കുന്ന തിരക്കിലാണ് മുന്നണികൾ. ബി.ജെ.പിയുടെ സജീവസാന്നിദ്ധ്യം പല മണ്ഡലങ്ങളിലെയും ഫലം പ്രവചനാതീതമാക്കുമ്പോൾ ഇടത്, വലത് മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലും ഒരു പരിധിവരെ പെരുമ്പാവൂരിലും ട്വന്റി-20യുടെ സാന്നിദ്ധ്യവും അതി നിർണായകം.
തെക്കൻ കേരളം ചതിച്ചാൽ...
2016ൽ ഇടതുമുന്നണിയെ ഏറെ തുണച്ച തെക്കൻകേരളമാണ് മുന്നണികൾക്ക് ഉൽക്കണ്ഠയേറ്റുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കിട്ടുന്ന പരമാവധി സീറ്റുകൾ ഇരുകൂട്ടർക്കും നിർണായകം. ബി.ജെ.പി പ്രതീക്ഷകളിലും മുന്നിൽ തിരുവനന്തപുരം ജില്ല. കൊല്ലത്തും പത്തനംതിട്ടയിലും ഇപ്പോൾ കോൺഗ്രസിന് വട്ടപ്പൂജ്യമാണ്. തിരുവനന്തപുരത്ത് മൂന്നും ആലപ്പുഴയിൽ രണ്ടും. ഇതിൽ നിന്ന് നാല് ജില്ലകളിലുമായി 15- 20 സീറ്റ് നേടി വിജയിക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. ലോക്‌സഭാ തിരഞ്ഞെടുപ്പിലൊഴിച്ചാൽ 2016ലെ മേൽക്കൈ തദ്ദേശതിരഞ്ഞെടുപ്പിലും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. നേമത്തെ അപ്രമാദിത്തം നിലനിറുത്താൻ ശ്രമിക്കുന്ന ബി. ജെ. പി കഴക്കൂട്ടത്തും കെ. സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിലും ഉറ്റുനോക്കുന്നു.
മദ്ധ്യകേരളം...
കഴിഞ്ഞ ഇടതു തരംഗത്തിലും യു.ഡി.എഫിന് ആശ്വാസമേകിയ മദ്ധ്യകേരളത്തിൽ രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് മുന്നണികളുടെ പിരിമുറുക്കം കൂട്ടുന്നത്. കേരള കോൺഗ്രസ്-എമ്മിന്റെ ഇടതുചായ്‌വ്, ഇടതുചേരിയിലായിരുന്ന മാണി സി.കാപ്പന്റെ യു.ഡി.എഫിലേക്കുള്ള മാറ്റം, ട്വന്റി20 സാന്നിദ്ധ്യം, ക്രൈസ്തവർക്കിടയിൽ കൊഴുക്കുന്ന ലൗജിഹാദ് ചർച്ചകൾ എന്നിവയെല്ലാം ഏതുരീതിയിൽ പ്രതിഫലിക്കുമെന്ന് മുന്നണികൾ ഉറ്റുനോക്കുന്നു. ചതിക്കില്ലെന്ന് യു.ഡി.എഫും കൂടെ നിൽക്കുമെന്ന് ഇടതും പ്രതീക്ഷിക്കുന്നു. തൃശൂരിലാണ് യു.ഡി.എഫിന് 2016ൽ അടി തെറ്റിയത്. വടക്കാഞ്ചേരിയിൽ മാത്രമാണന്ന് ജയിക്കാനായത്. അതും 47 വോട്ടിന്. ആ തൃശൂരിൽ മുന്നേറാൻ തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിൽ ഇടതും.
വടക്കൻ കേരളം...
വടക്കൻകേരളത്തിൽ ഇടതിന് തന്നെ അപ്രമാദിത്തം. തിരിച്ചുവരുമെന്ന് കോൺഗ്രസും. മലപ്പുറം ജില്ലയിലെ ലീഗ് മേധാവിത്വത്തിന് ഏറ്റക്കുറച്ചിൽ കാണുന്നില്ല. മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ ബി.ജെ.പി പ്രതീക്ഷയുമേറെ.