തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയിലെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും പരാതിയിൽ ആരോപിച്ചു. സിംഗപ്പൂരിലെ ഡാറ്റാ ഡെവലപ്പർ കമ്പനിയാണ് ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശേഖരത്തിൽ നിന്ന് അനുവാദമില്ലാതെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തലാണ്.
ഒരു വിദേശ കമ്പനിക്ക് വോട്ടർമാരുടെ സ്വകാര്യവിവരങ്ങൾ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെ.പി.സി.സിയും പൗരാവകാശം ലംഘിച്ചു.വോട്ടർ പട്ടികയിലെ വിവരങ്ങൾ കൈമാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ലെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.