ചെന്നൈ: മറീന ബീച്ചിലെ 'അമ്മ' സ്മാരകത്തിലും കലൈഞ്ജർ മണ്ഡപത്തിലും തിരക്കുണ്ട്. എം.ജി.ആറിന്റെ മരണശേഷം ഇരുപക്ഷത്തും 'തേർതൽ പട'നയിച്ചത് ജയലളിതയും കരുണാനിധിയും ആയിരുന്നു. അവർ മണ്ണിൽ മറഞ്ഞശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പാണിത്. ഇത്രമേൽ രാഷ്ട്രീയ വൈരം പുലർത്തിയിരുന്ന ഇരുവരുടെയും കുറവ് രണ്ടിടത്തും ഉണ്ട്.
'മക്കളാലെ നാൻ, മക്കൾക്കാകവേ നാൻ'...എന്ന് ജയലളിതയും 'എൻ ഉയിരിനും മേലാന ഉടൽപിറപ്പുകളേ....എന്ന് കരുണാനിധിയും മൈക്കിലൂടെ പറയുമ്പോൾ തമിഴകം ത്രസിക്കുമായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്ന് ആ ആരവം മാഞ്ഞു പോയിരിക്കുന്നു...
ഇപ്പോൾ 'പുരട്ചി തലൈവി'യുടെ ചിത്രം വച്ച് വോട്ടു പിടിക്കുന്നത് എ. ഡി.എം.കെ മാത്രമല്ല, ടി.ടി.വി. ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം കൂടിയാണ്. അധികാര തുടർച്ചയ്ക്ക് എ.ഡി.എം.കെയുടെ തടസങ്ങളിലൊന്ന് ദിനകരനാണ്. ഡി.എം.കെയ്ക്ക് അത്തരം വെല്ലുവിളികളില്ല. പാർട്ടി എം.കെ. സ്റ്റാലിന്റെ ചൊൽപ്പടിയിലാണ്. കരുണാനിധിയുടെ കാന്തശക്തിയുള്ള പരിവേഷമില്ലെങ്കിലും ആ വൺമാൻ ഷോ രാഷ്ട്രീയത്തിന്റെ നേരവകാശിയാണ് മകൻ. കരുണാനിധി പലകുറി ഇരുന്ന മുഖ്യമന്ത്രിക്കസേര ഇപ്പോൾ സ്റ്റാലിന് കൈയെത്തും ദൂരത്താണ്.
കോൺഗ്രസ്, സി. പി.എം, സി.പി.ഐ ഉൾപ്പെടെ 12 പാർട്ടികളുള്ള ദേശീയ മതനിരപേക്ഷ പുരോഗമനസഖ്യത്തെ നയിക്കുന്ന ഡി.എം.കെ അധികാരത്തിൽ വരുമെന്നാണ് സർവേ ഫലങ്ങൾ. 234 സീറ്റിൽ 160 സീറ്റ് വരെയാണ് പ്രവചനം.
പി.എം.കെ, ബി.ജെ.പി തുടങ്ങി 10 പാർട്ടികളാണ് എ.ഡി.എം.കെ നയിക്കുന്ന എൻ.ഡി.എയിൽ. അവർക്ക് 80 സീറ്റിനപ്പുറം ആരും പ്രവചിക്കുന്നില്ല. എങ്കിലും സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. മഹിളാമോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ (കോയമ്പത്തൂർ സൗത്ത്), ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുരുകൻ (ധാരാപുരം), വൈസ് പ്രസിഡന്റ് നൈനാൻ നാഗേന്ദ്രൻ (തിരുനൽവേലി), യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ബിനോജ് പി. ശെൽവം (ചെന്നൈ ഹാർബർ), ഐ.പി.എസ് ഉപേക്ഷിച്ച് പാർട്ടിയിലെത്തിയ അണ്ണാമലൈ (അരുവാകുറിച്ചി) എന്നിവർ ജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
മൂന്നു പേർ നിർണായകം
കമലഹാസന്റെ മക്കൾ നീതി മയ്യം, ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, സീമാന്റെ നാം തമിഴർ കക്ഷി എന്നിവ പിടിക്കുന്ന വോട്ട് നിർണായകമാവും. കമലഹാസന്റെ പര്യടനത്തിലെ ജന പങ്കാളിത്തം എൻ.ഡി.എയുടെ നെഞ്ചിടിപ്പു കൂട്ടുന്നു. ഇന്ത്യൻ ജനനായക കക്ഷി, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി തുടങ്ങിയ എട്ട് പാർട്ടികളാണ് കമലിന്റെ മുന്നണിയിൽ.
ടി.ടി.വി. ദിനകരന്റെ മുന്നണിയിൽ വിജയകാന്തിന്റെ ഡി.എം.ഡി.കെയും ചേർന്നിട്ടുണ്ട്. രാജപാളയത്താണ് ദിനകരൻ മത്സരിക്കുന്നത്.
തീപ്പൊരി പ്രാസംഗികനാണ് 'നാം തമിഴർ കക്ഷി'യുടെ സീമാൻ. രണ്ട് ദ്രാവിഡ പാർട്ടികളേയും വിമർശിച്ച് തമിഴ് ദേശീയതയിലൂന്നിയുള്ള സീമാന്റെ പ്രസംഗം കേൾക്കാൻ വൻജനക്കൂട്ടമാണ് വരുന്നത്. ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് സീമാൻ മത്സരിക്കുന്നത്.