തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് നേമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലം. ഇക്കുറിയും അത് നിലനിറുത്തിയാൽ ബി.ജെ.പിക്കാർക്കും എൻ.ഡി.എ നേതാക്കൾക്കും അഭിമാനിക്കാം. കുമ്മനം രാജശേഖരനെന്ന മനുഷ്യത്വവും തെളിമയും ഒത്തുചേർന്ന വ്യക്തിത്വത്തെയാണ് നേമത്തേക്ക് ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്.
വികസനവും വിശ്വാസവും
വിജയം തരും: കുമ്മനം
രണ്ടുതവണ മണ്ഡലമാകെ പര്യടനം നടത്തി. തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് വിശ്വാസവും വിജയപ്രതീക്ഷയുമാണ് ഇപ്പോഴെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. മണ്ഡലത്തിന്റെ ഓരോ കോണിലുമെത്തുമ്പോൾ ജനങ്ങളിൽ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത് മികച്ച വിജയമാണ്. ഒരു വാർഡിൽ മൂന്ന് മണിക്കൂർ ചെലവിടുക എന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരുന്നത്. പലപ്പോഴും ഇത് അഞ്ചുമണിക്കൂർ വരെ നീണ്ടുപോയിട്ടുണ്ട്. 'വികസനവും വിശ്വാസവും' എന്നതാണ് നേമത്ത് ജനങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് വിഷയം. മണ്ഡലത്തിൽ പരമാവധി വികസനപ്രവർത്തനങ്ങൾ നടത്താൻ അവസരം നൽകുകയെന്നതാണ് ഒരു അഭ്യർത്ഥന. പ്രത്യേകിച്ച് കേന്ദ്രസർക്കാരിന്റെ എല്ലാ സഹായവും ലഭ്യമാക്കാനുള്ള സാദ്ധ്യതയുള്ളപ്പോൾ. ഈ അവസരം പ്രയോജനപ്പെടുത്തണം. വിശ്വാസസംരക്ഷണമാണ് മറ്റൊരു കാര്യം, പ്രത്യേകിച്ച് ശബരിമല വിഷയം. ആചാരങ്ങൾ നിലനിറുത്താൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതുവരെയുള്ള വിലയിരുത്തൽ അനുസരിച്ച് വ്യക്തമായ മേൽക്കൈ ഞങ്ങൾക്കുണ്ട്.
പ്രക്ഷോഭങ്ങളിലൂടെ
ജനഹൃദയങ്ങളിലേക്ക്
അരിപ്പ, ആറന്മുള, നിലയ്‌ക്കൽ തുടങ്ങി വിജയം കണ്ട നിരവധി സമരങ്ങളുടെ നായകനായിരുന്നു. സംഘർഷമല്ല, സമന്വയമാണ് പ്രശ്‌ന പരിഹാരങ്ങൾക്ക് ഉത്തമവഴിയെന്ന് തെളിയിച്ചുകൊണ്ടാണ് ആ സമരങ്ങൾ വിജയിച്ചത്. കോട്ടയം ജില്ലയിലെ കുമ്മനം ഗ്രാമത്തിൽ ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാളാവള്ളിയിൽ തറവാട്ടിൽ അഡ്വ. വി.കെ. രാമകൃഷ്‌ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും എട്ടുമക്കളിൽ നാലാമൻ. കുമ്മനം നായർ സമാജം സ്‌കൂൾ എൻ.എസ്.എസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുനടന്ന ചടങ്ങിൽ സംഘാടകനായി പ്രവർത്തിക്കുകയും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുകയും ചെയ്‌തു. രാജശേഖരനിലെ സംഘാടകനെ തിരിച്ചറിഞ്ഞത് സാക്ഷാൽ മന്നത്ത് പദ്മനാഭനായിരുന്നു. മികച്ച പൊതുപ്രവർത്തകനാകണമെന്ന് അന്ന് അദ്ദേഹം അനുഗ്രഹിച്ചു. സി.എം.എസ് കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ ഭാരത് സേവക് സമാജത്തിൽ ചേർന്ന് നിർദ്ധനരായ കുട്ടികളെ സഹായിക്കുന്നതിൽ പങ്കാളിയായി. ദീപികയിൽ സബ് എഡിറ്ററായിട്ടാണ് കുമ്മനത്തിന്റെ തുടക്കം. കേരളദേശം, കേരളഭൂഷണം, കേരളധ്വനി, രാഷ്ട്രവാർത്ത എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. ജന്മഭൂമിയുടെ എഡിറ്റർ, മാനേജിംഗ് എഡിറ്റർ, മാനേജിംഗ് ഡയറക്ടർ ചുമതലകൾ വഹിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്തയിൽ ജോലി ലഭിച്ചതോടെ പത്രപ്രവർത്തനത്തിൽ നിന്ന് മാറി. വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി 1982ൽ സന്ന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ നടന്ന സമന്വയ പദയാത്രയിലും 1983ൽ നടന്ന വിശാലഹിന്ദു സമ്മേളനത്തിലും പാലിയം വിളംബരത്തിലും ഗീതാജ്ഞാന യജ്ഞങ്ങളിലും ഒട്ടനവധി ധർമ്മജാഗരണ പ്രവർത്തനങ്ങളിലും സംയോജകനായും സംഘാടകനായും നിറഞ്ഞുനിന്നു.