ലൈംഗിക അതിക്രമം, സൽമാൻ ഖാനുമായുള്ള ഡേറ്റിംഗ് പരാജയം. സിനിമയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന്
ബോളിവുഡ് താരം സോമി അലി
"എല്ലാവർക്കും വേണ്ടത് എന്റെ ശരീരമാണ്. പലരും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ചില ചതിക്കുഴികളിൽ വീണു. നിരവധി സംവിധായകരിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായി." തനിക്ക് നേരേ ഉണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സോമി അലി. സൽമാൻ ഖാനോടുള്ള അഗാധ പ്രണയത്തെ തുടർന്നാണ് തൊണ്ണൂറുകളിൽ സോമി അലി മുംബയിൽ എത്തുന്നത്. എട്ടുവർഷം സൽമാനുമായി ഡേറ്റിംഗിലായിരുന്നു. സൽമാൻ വഞ്ചിക്കുകയാണെന്ന് മനസിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സോമി അലി വ്യക്തമാക്കി. "സിനിമാരംഗത്ത് നിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും ഇനി തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. സൽമാനിൽ നിന്ന് നല്ലതൊന്നും പഠിക്കാൻ സാധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരുപാട് നന്മയുള്ളവരാണ്. അവർ മതം നോക്കാത്ത മനുഷ്യരായിരുന്നു. മനുഷ്യരെ തുല്യരായി കാണാൻ അവർക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകൾ ആർക്കുനേരേയും കൊട്ടിയടച്ചില്ല." സോമി അലി പറഞ്ഞു. കുഷ്ൻ അവതാർ, യാർ ഗദ്ദർ, അന്ധ് , മാഫിയ തുടങ്ങിയ ചിത്രങ്ങളിൽ സോമി അലി നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നോ മോർ ടിയേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകയാണ്. "വ്യക്തിജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംഘടനയ്ക്ക് രൂപം നൽകിയത്. ജീവിതത്തിലെ മോശം അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ചു. ഇനി തെറ്റ് സംഭവിക്കില്ല. സുന്ദരമായി മുൻപോട്ട് പോവും." സോമി അലിയുടെ വാക്കുകൾ.