nirmala

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലും കിഫ്ബിയുടെ ഭരണഘടനാവിരുദ്ധ നിലപാടിലും കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും, അന്വേഷണം തടയാൻ മുഖ്യമന്ത്രിക്കും സർക്കാരിനും കഴിയില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്തിലും ഡോളർ കേസിലും പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫീസിലുള്ളവരാണ് പിടിയിലായത്. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ ചോദ്യം ചോദിച്ചെന്ന് പറഞ്ഞാണ് കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണത്തിന് തീരുമാനമെടുത്തത്. ഇതുകൊണ്ട് അടിസ്ഥാന കേസ് ഇല്ലാതാക്കാൻ കഴിയുമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. ഭദ്രകാളി അസുര നിഗ്രഹത്തിന് വരുമ്പോൾ പിശാചിനെ കാട്ടി പേടിപ്പിക്കാനാവുമോ. കിഫ്ബിയുടെ മോഡലിനെയല്ല എതിർക്കുന്നത്. അത് നടപ്പാക്കുന്നതിലെ ഭരണഘടനാവിരുദ്ധതയെയാണ്. വാചകകസർത്തുകൾ കൊണ്ട് മന്ത്രി തോമസ് ഐസക്കിന് രാഷ്ട്രീയ പ്രതിരോധം തീർക്കാം. എന്നാൽ കിഫ്ബിക്കെതിരായ നടപടികളിൽ നിന്ന് രക്ഷപ്പെടാനാവില്ല.

പെട്രോൾ വിലക്കയറ്റം കേന്ദ്രം മാത്രം സൃഷ്‌ടിക്കുന്നതാണെന്ന പ്രചാരണം തെറ്റാണ്. വില കുറയ്‌ക്കണമെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും വിചാരിക്കണം. അതിന് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. എന്തെല്ലാം വിമർശനങ്ങൾ കോൺഗ്രസ് പറഞ്ഞാലും അവർ ഇടതുമുന്നണിയുടെ ബി ടീം മാത്രമാണ്. സംസ്ഥാനത്തിന് എയിംസ് കിട്ടും. ഒരു എം.എൽ.എയേയും എം.പിയേയും ബി.ജെ.പിക്ക് തരാതിരുന്നിട്ടും കേരളത്തിന് അവഗണനയില്ലാതെ വികസനങ്ങൾ നൽകിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.