r

തിരുവനന്തപുരം: 'എന്താ വക്കം ചേട്ടാ, സുഖമാണോ ?" കുമാരപുരത്തെ വീട്ടിലെത്തി കുശലാന്വേഷണം നടത്തിയ അതിഥിയെ വക്കം പുരുഷോത്തമൻ ഗൗരവത്തോടെ തിരിഞ്ഞുനോക്കി. 'അല്ലിത്, ആന്റണിയോ?". ഏറെ നാളുകൾക്കു ശേഷം പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി പന്തളം സുധാകരൻ എന്നിവർക്കൊപ്പമാണ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി കഴിഞ്ഞ ദിവസം സന്ധ്യയ്‌ക്ക് വക്കം പുരുഷോത്തമന്റെ കുമാരപുരം പൊതുജനം ലെയിനിലെ വീട്ടിലെത്തിയത്.

കുശലാന്വേഷണത്തിനിടയിൽ ആന്റണിയുടെ അടുത്ത ചോദ്യം. കൊവിഡ് വാക്സിനൊക്കെ എടുത്തോ? ഒന്നെടുത്തെന്ന് വക്കത്തിന്റെ മറുപടി. 'നിയമസഭയെ വിറപ്പിച്ച സിംഹത്തിന് വാക്‌സിനൊന്നും വേണ്ട, - ശൂരനാട് രാജശേഖരന്റെ കമന്റ് കേട്ട് കൂട്ടച്ചിരിയായി. 'ഞാനൊക്കെ എന്ത് സിംഹം, ദാ നിൽക്കുന്നതല്ലേ യഥാർത്ഥ സിംഹം"- ആന്റണിയെ നോക്കി വക്കം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിൽ ഉറച്ച പ്രതീക്ഷവയ്‌ക്കുന്ന വക്കം, യു.ഡി.എഫിന്റെ എല്ലാ സ്ഥാനാർത്ഥികളും മികച്ചതാണെന്നും പറഞ്ഞു. സൗഹൃദകൂടിക്കാഴ്ചക്ക് ശേഷം സമയം രാത്രി എട്ടിനാണ് ആന്റണി മടങ്ങിയത്.