തിരുവനന്തപുരം: പ്രചാരണത്തിന്റെ ഉത്സവമേളമൊതുങ്ങി, കേരളത്തിന് ഇന്ന് മനസ്സൊരുക്കത്തിന്റെ ഇടവേള. 140 നിയമസഭാ മണ്ഡലങ്ങളിലായി പോർക്കളത്തിലുള്ള 957 സ്ഥാനാർത്ഥികളുടെ വിധി കുറിക്കാൻ 2.74 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം, നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. നക്സൽബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.
രാഷ്‌ട്രീയ വിവാദങ്ങളും മൂർച്ചയേറിയ ആരോപണ പ്രത്യാരോപണങ്ങളും വെടിക്കെട്ടു തീർത്ത പ്രചാരണകാലം കടന്നെത്തുന്നത് സംസ്ഥാനചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ്. തുടർഭരണമുറപ്പിക്കാൻ എൽ.ഡി.എഫും, പിടിച്ചെടുക്കാൻ യു.ഡി.എഫും, നിർണായക ശക്തിയാകാൻ എൻ.ഡി.എയും ഇഞ്ചോടിഞ്ച് പൊരുതുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരും പ്രതിപക്ഷ നേതാവും മത്സരരംഗത്തുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാനത്ത് ആരെയുള്ള 40,771ബൂത്തുകളിൽ പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 298 എണ്ണം നക്സൽ ബാധിത മേഖലകളിലാണ്. ഇവിടങ്ങളിൽ ഉൾപ്പെടെ പ്രശ്നസാദ്ധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കും. ഇതിനായി 150 കമ്പനി കേന്ദ്ര സേനയെ എത്തിച്ചിട്ടുണ്ട്.
ഇരട്ട വോട്ട്: 60 ശതമാനം ബൂത്തിലും വെബ്‌കാസ്റ്റിംഗ്
ഇരട്ട വോട്ട് പ്രശ്നമുള്ളതിനാൽ 60 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ ബൂത്തിലും ഇത്തരം ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്തുണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാം. ഇത്തരം 45,000 ഡമ്മി ബ്രെയിൽ സ്ളിപ്പുകൾ എത്തിച്ചിട്ടുണ്ട്.
ഇരട്ടവോട്ട് തടയാൻ കർശന നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരട്ടവോട്ട് ലിസ്റ്റിലുള്ളയാളുടെ വിരലടയാളവും ഫോട്ടോയും എടുക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്യൂ എന്ന സത്യവാങ്മൂലവും വാങ്ങും. വിരലിലെ മഷി ഉണങ്ങിയ ശേഷമായിരിക്കും ബൂത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുക.
കൊവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ
കൊവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ക്രമത്തിലധികം ശരീരതാപമുള്ളവരെ മാറ്റി നിറുത്തി, ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
വോട്ടർമാർ : 2,74,46,039
വനിതകൾ; 1,41,62,025
പുരുഷന്മാർ:1,32,83,724
പോളിംഗ് ബൂത്തുകൾ 40,771
സ്ഥാനാർത്ഥികൾ: 957
വോട്ടർമാർ 40വയസിന് താഴെ :1,10,84,540
40 മുതൽ 60വയസിന് താഴെ:1,06,24,402
60 മുതൽ 80 വയസിന് താഴെ:51,15,033
80 കഴിഞ്ഞവർ : 6,22,064