pinarayi

തിരുവനന്തപുരം: കത്തിപ്പടർന്ന പ്രചാരണത്തിന്റെ കലാശദിനത്തിൽ വിജയമുറപ്പിക്കാനുള്ള അവസാന ഓട്ടപ്പാച്ചിലിൽ നേതാക്കൾ. ഇന്നലെ രാവിലെ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ രാഹുൽ ഗാന്ധി കലാശക്കൊട്ടിനെത്തിയത് തിരുവനന്തപുരത്ത് കെ. മുരളീധരനെ ഇറക്കി യു.ഡി.എഫ് അഭിമാനപോരാട്ടം നടത്തുന്ന നേമത്ത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സർക്കാരിനുള്ള ബഹുജനപിന്തുണ വിളംബരം ചെയ്യാൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് മൂന്നു മണിക്കൂറാണ് വിവിധ പ്രദേശങ്ങളിലായി റോഡ് ഷോയിൽ പങ്കെടുത്തത്. വി.എസിന്റെ അഭാവത്തിൽ എൽ.ഡി.എഫിന്റെ താരപ്രചാരകനായ അദ്ദേഹത്തെ വൻജനാവലിയാണ് വരവേറ്റത്. ചലച്ചിത്രതാരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രൻസും റോഡ് ഷാേയിൽ അനുഗമിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഇന്നലെ കല്പറ്റയിലും മറ്റും പ്രചാരണറാലികളിൽ സജീവമായി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ വോട്ടർമാരെ നേരിൽക്കാണാൻ സഞ്ചരിക്കുകയായിരുന്നു. ഹരിപ്പാട്ട് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണത്തിലെ അവസാന പോരാട്ടത്തിന് തെരഞ്ഞെടുത്തത് ഒരിക്കൽ യു.ഡി.എഫ് കോട്ടയായിരുന്ന ഇടുക്കി ജില്ല.

ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ റാലികളിൽ പങ്കെടുത്ത അദ്ദേഹം നെടുങ്കണ്ടത്ത് റോഡ്ഷോയിലും അണിചേർന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ കണ്ണൂരിലായിരുന്നു. രാഹുൽഗാന്ധി കോഴിക്കോട്ടും നേമം മണ്ഡലത്തിലും ആവേശം പകർന്ന് റോഡ് ഷാേയിൽ പങ്കെടുത്തു.

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അവസാന മണിക്കൂറുകളിൽ മഞ്ചേശ്വരത്തെ യോഗങ്ങളിൽ പങ്കെടുത്തു. റോഡ് ഷോയും നടത്തി. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ തിരുവല്ലയിലും കൊട്ടാരക്കരയിലും നെടുമങ്ങാട്ടും ബി.ജെ.പി സ്ഥാനാർത്ഥികളുടെ റോഡ് ഷോകളിൽ പങ്കാളിയായി. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരം നേമം മണ്ഡലത്തിലെ കരമന, കൈമനം ഭാഗത്ത് സ്ഥാനാർത്ഥി കുമ്മനം രാജശേഖരനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.