oommenchandy

തിരുവനന്തപുരം: അഞ്ചുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെയും യു.ഡി.എഫ് സർക്കാരിന്റെയും വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്‌തുതകളും നിരത്തി താരതമ്യം ചെയ്‌തപ്പോൾ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്റി നൽകിയതെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻ ചാണ്ടി പറഞ്ഞു. അതുകൊണ്ട് ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിടുകയാണെന്നും അവ സംസാരിക്കുമെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.

ക്ഷേമപെൻഷൻ അഞ്ച് സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്‌തംബർ 10ലെ ഉത്തരവും വാർദ്ധക്യകാല പെൻഷൻ 1500 രൂപവരെയാക്കിയ 2016 മാർച്ച് ഒന്നിലെ ഉത്തരവും ചേർത്തു കൊണ്ടാണ് കുറിപ്പ്. പെൻഷൻ മുടങ്ങിയത് സംബന്ധിച്ച് നിയമസഭയിൽ ധനമന്ത്റി തോമസ് ഐസക് 2017 ഏപ്രിൽ 26ന് നൽകിയ മറുപടി ചേർത്തിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ വിതരണം ചെയ്ത പെൻഷൻ തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്റി ഇതിൽ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാൾ രാഷ്ട്രീയ കാരണങ്ങളായിരുന്നു. സഹ. ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥർ മനപൂർവം പെൻഷൻ തുക വിതരണം ചെയ്തില്ല.

സൗജന്യ അരി വിതരണം, മെഡിക്കൽ കോളേജുകൾ തുടങ്ങിയത്, കാരുണ്യ പദ്ധതി, ആശ്വാസകിരണം പദ്ധതി, പി.എസ്.സി നിയമനം, ബാറുകൾ പൂട്ടിയത് തുടങ്ങി യു.ഡി.എഫ് നടപ്പാക്കിയ കാര്യങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്.