tripti-desai-will-be-stop

നിർണായകമായ തിരഞ്ഞെടുപ്പിനെയാണ് നാളെ കേരളം അഭിമുഖീകരിക്കുന്നത്. ഇതുവരെ നിലവിലിരുന്ന രണ്ടു മുന്നണികളിലേക്ക് ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പ് അന്ത്യം കുറിക്കും. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം കേരളത്തിലെ നിർണായ ശക്തിയാകും. പുതിയ കേരളം മോദിയോടൊപ്പം എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും യുവനേതാക്കളും വനിതാ നേതാക്കളും അടങ്ങുന്ന കഴിവുറ്റ നേതൃനിരയെയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. രാജ്യം ആദരിക്കുന്ന മെട്രോമാൻ ഇ.ശ്രീധരൻ, ജേക്കബ് തോമസ് തുടങ്ങി സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരും സ്ഥാനാർത്ഥികളാണ്. ഇതുവരെ കേരള രാഷ്ട്രീയ രംഗത്ത് ഇത്രയും വൈവിദ്ധ്യമുള്ള സ്ഥാനാർത്ഥി പട്ടിക അവതരിപ്പിക്കാൻ ഒരു മുന്നണിക്കുമായിട്ടില്ല.

വികസന മുരടിപ്പിന്റെ ആറര പതിറ്റാണ്ടാണ് ക‌ടന്നുപോയത്. പുതിയ കാലത്തിനനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും മാറുമ്പോൾ കേരളം കടബാദ്ധ്യതകളിൽ നിന്ന് കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു. ഏറ്റവും കൂടുതൽ കടമെടുക്കുക, അത് പരമാവധി ധൂർത്തടിക്കുക എന്നതാണ് പിണറായി വിജയന്റെ സാമ്പത്തിക സമീപനം. 77 ശതമാനം വർദ്ധനയാണ് കടബാദ്ധ്യതയിലുണ്ടായിരിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്കുതകുന്ന പ്രവർത്തനങ്ങളല്ല കടം വാങ്ങി നടത്തുന്നതും!

നമുക്കു വേണ്ടത് കേരളത്തിന്റെ വിഭവസ്രോതസുകളെ ആശ്രയിച്ചുള്ള സുസ്ഥിര വികസന മാതൃകയാണ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീ-യുവാക്കളുടെ കർമ്മശേഷിയെ വികസന പ്രക്രിയയിൽ പങ്കാളികളാക്കണം. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ പദ്ധതി പ്രയോജനപ്പെടുത്താൻ പോലും പിണറായി സർക്കാറിനായില്ല. സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റി. പി.എസ്.സിയുടെ വിശ്വാസ്യത തകർത്തു. തൊഴിലില്ലാതെ പെരുവഴിയിലായ യുവതീയുവാക്കളുടെ ധാർമ്മിക രോഷത്തിൽ സി.പി.എം സർക്കാരിന്റെ അന്ത്യമുണ്ടാകുമെന്ന് തീർച്ചയാണ്.

വികസന പ്രതിസന്ധിക്കൊപ്പം, ഭക്തജനവിശ്വാസത്തെ മുറിവേല്പിച്ച ഇടതു സർക്കാരിന്റെ ക്രൂരതയും തെരഞ്ഞെടുപ്പിൽ വിചാരണ ചെയ്യപ്പെടും. ശബരിമല ക്ഷേത്രാചാരങ്ങളെ ഒരു കൂട്ടം അരാജകവാദികളെ ഉപയോഗിച്ച് അട്ടിമറിക്കാൻ ഇടതു സർക്കാർ അധികാരശക്തിയെ ദുരുപയോഗിക്കുകയായിരുന്നു. പൊലീസിന്റെ മർദ്ദനമുറകളും ഗൂഢതന്ത്രങ്ങളും ഉപയോഗിച്ച് മണ്ഡലകാലത്ത് ഭക്തജനങ്ങളെ വേട്ടയാടിയത് കേരളം പൊറുക്കില്ല.

പി.ജയരാജൻ വ്യക്തിപൂജയ്ക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് ആരോപിച്ച പിണറായിവിജയൻ സ്വയം വ്യക്തിപൂജയ്ക്ക് അടിമയായിരിക്കുന്നു. സ്വയം ക്യാപ്റ്റനായി അവതരിക്കാനാണ് പിണറായിക്ക് താത്പര്യം. പാർട്ടിയാണ് പ്രധാനമെന്ന് പറയുന്നുണ്ടെങ്കിലും, താനാണ് പ്രധാനിയെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് പിണറായി. വിഎസ് അച്യുതാനന്ദനെ വേട്ടയാടിയ പിണറായിക്ക് ഇന്ന് ആയുധം നഷ്ടപ്പെട്ടിരിക്കുന്നു. സി.പി.എമ്മിന്റെ ഭരണത്തുടർച്ചയെന്ന സ്വപ്നവും പാഴാവുമെന്ന് ഉറപ്പായിരിക്കുന്നു. ഇരട്ടവോട്ടിന്റെ ബലത്തിൽ അധികാരത്തിലെത്താമെന്ന ഇരട്ടച്ചങ്കന്റെ വ്യാമോഹം തകരുമെന്ന് മെയ് രണ്ട് തെളിയിക്കും.