a-vijayaraghavan

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് അംഗീകാരം നൽകാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവൻ. 2016 ൽ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം എൽ.ഡി.എഫ് നേടും. കോൺഗ്രസ് സഹായത്തോടെ ബി.ജെ.പി കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ട് പൂട്ടും. ജനങ്ങളുടെ ഐക്യവും സ്വൈരജീവിതവും തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളം ഇത്തവണ സമ്മാനിക്കുന്നത് പൂജ്യമായിരിക്കുമെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
പശ്ചാത്തലസൗകര്യങ്ങളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ കേരളം നമ്പർ വൺ ആകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എൽ.ഡി.എഫിന്റെ വികസന അജൻഡയ്ക്ക് പകരം നിഷേധ രാഷ്ട്രീയമാണ് യു.ഡി.എഫ് കൈകാര്യം ചെയ്തത്. അവശത അനുഭവിക്കുന്നവർക്കുള്ള സാമൂഹ്യക്ഷേമ പെൻഷൻ വിതരണവും പാവപ്പെട്ടവർക്കുള്ള റേഷൻ അരിയും തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ ഇടപെടുവിക്കുന്നതിൽ വരെ ഇതു ചെന്നെത്തി.
പശ്ചാത്തലസൗകര്യ വികസന രംഗത്ത് ഇടതു സർക്കാർ വലിയ മുന്നേറ്റമുണ്ടാക്കി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളുമായി ഒരേ സമയം കൂട്ടുചേർന്നാണ് യു.ഡി.എഫ് മുമ്പോട്ടു പോകുന്നത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി.യുമായുള്ള ബന്ധം തുടർന്നുകൊണ്ടുതന്നെയാണ് ജമാ അത്തെ ഇസ്ലാമിയെയും തങ്ങളുടെ ചിറകിനടിയിലേക്ക് യു.ഡി.എഫ് കൊണ്ടുവന്നത്. ബി.ജെ.പിയെ എതിർക്കുകയാണെന്ന് വരുത്താൻ നേമത്ത് സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തിയ കോൺഗ്രസ്, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും അവരുമായി ധാരണയിലാണ്.
ബി.ജെ.പി.യുടെ വോട്ട് കിട്ടാൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വങ്കത്തരമാണ് യു.ഡി.എഫ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എൻ.എ ഖാദർ പറഞ്ഞത്, പൗരത്വഭേദഗതി നിയമം നടപ്പാക്കുമ്പോൾ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ പൂരിപ്പിച്ചു നൽകാൻ മുസ്ലീങ്ങളെ അദ്ദേഹത്തിന്റെ പാർട്ടി സഹായിക്കുമെന്നാണ്. കെ.എൻ.എ ഖാദർ മത്സരിക്കുന്ന ഗുരുവായൂരിൽ ബി.ജെ.പി.ക്ക് സ്ഥാനാർത്ഥിയില്ലെന്ന് ഓ‌ർക്കണമെന്നും വിജയരാഘവൻ പറഞ്ഞു.