തിരുവനന്തപുരം: ബി.ജെ.പിയെ പോലെ ഇടതുപക്ഷവും കേരളീയർക്കിടയിൽ വിഭാഗീയത വളർത്തി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. 'ഇടതുപക്ഷ സുഹൃത്തുക്കൾ' എന്ന് വിശേപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. പ്രവർത്തകരെ ആവേശം കൊള്ളിച്ച റോഡ് ഷോയ്ക്ക് ശേഷം പൂജപ്പുരയിലെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കോൺഗ്രസ് മുക്തഭാരതം എന്നു പറയാറുണ്ട്. ഒരിക്കലും സി.പി.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കാൻ സി.ബി.ഐയേയും ഇ.ഡിയേയും ഉപയോഗിക്കുന്ന കേന്ദ്രത്തിന് കോൺഗ്രസിനെ ഇല്ലാതാക്കാനാവില്ല. കോൺഗ്രസ് ഒരു സംഘടനയല്ല. ഒരു ആശയമാണ്. ഒത്തൊരുമയും പരസ്പര ബഹുമാനവും സ്നേഹവുമാണ് അതിലുള്ളത്. മറ്രൊരാളുടെ വേദന മനസിലാക്കാൻ കോൺഗ്രസുകാർക്ക് കഴിയും. എൽ.ഡി.എഫിനോ ബി.ജെ.പിക്കോ കഴിയില്ല. അവർ വിദ്വേഷവും വെറുപ്പും പരത്തുന്നു. ഒരു സ്ഥാനാർത്ഥിയുടെ ഭർത്താവിനെ 52 തവണ വെട്ടി കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണെന്ന്, ടി.പി.ചന്ദ്രശേഖരന്റെ പേരു പറയാതെ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസുകാരൻ ഒരിക്കലും അതു ചെയ്യില്ല. അവൻ വെട്ടേറ്റു മരിക്കുകയേ ഉള്ളൂ.
സെക്രട്ടേറിയറ്റിനു മുന്നിൽ യുവതീയുവാക്കൾ മുട്ടുകാലിൽ ഇഴയുന്നത് കണ്ടില്ലെന്ന് നടിക്കാൻ ഒരു യു.ഡി.എഫ് മുഖ്യമന്ത്രിക്കു കഴിയില്ല. അവരെ കേൾക്കാതെ അതുവഴി കടന്നുപോയ മുഖ്യമന്ത്രിയെയാണ് നമ്മൾ കണ്ടത്.
ഇന്നൊരു ഓട്ടോറിക്ഷയിൽ കയറി. ഇന്ധനവില കൂടിയതിനാൽ ജീവിക്കാനാവുന്നില്ലെന്ന് ഓട്ടോക്കാരൻ പറഞ്ഞു. സുഹൃത്തുക്കൾക്കു വേണ്ടി ഇന്ധന വില കൂട്ടിയാണ് ബി ജെ പി വോട്ട് ചോദിക്കുന്നത്. യു.ഡി.എഫ് വന്നാൽ പാവപ്പെട്ട ഒരാൾ പോലും ഉണ്ടാവില്ല. കേരളത്തിൽ ന്യായ് പദ്ധതി തുടങ്ങിയാൽ ഇന്ത്യ മുഴുവൻ വ്യാപിക്കും.
പ്രധാനമന്ത്രിയുടെ പ്രവൃത്തികളിൽ എന്താണ് ഹിന്ദുവിന് ചേർന്നത്? ധാർഷ്ട്യം മാത്രമല്ലേ ഉള്ളൂ. സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തന്നെ കെ.മുരളീധരന്റെ പ്രചാരണത്തിനു പോകണമെന്ന് നിശ്ചയിച്ചിരുന്നുവെന്ന് മുരളീധരനെ ചേർത്തു നിറുത്തി രാഹുൽ പറഞ്ഞു.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ വി.എസ്.ശിവകുമാർ, ഡോ.എസ്.എസ്.ലാൽ, വീണ എസ്. നായർ എന്നിവരും ശശിതരൂർ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്‌ചന്ദ്ര പ്രസാദ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.