തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. കലാശക്കൊട്ട് വിലക്കിയതിനാൽ റോഡ് ഷോകളുമായി നേതാക്കൾ രംഗം കൊഴുപ്പിച്ചു. പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മികച്ചു നിന്നു. ചിലയിടങ്ങളിൽ കൊട്ടും മേളവുമായി പ്രവർത്തകർ ആവേശം വാരി വിതറിയപ്പോൾ, ചിലയിടത്ത് തണുപ്പൻ മട്ടിലായിരുന്നു പ്രചാരണം. ആവേശമേറ്റാൻ കേന്ദ്ര-സംസ്ഥാന നേതാക്കളും മണ്ഡലങ്ങളിൽ സജീവമായി.
നേമത്ത് ആവേശം അതിരുകടക്കുമെന്ന വക്കോളമെത്തിയതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഇത്. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള വോട്ടപ്പാച്ചിലിനിടെയും അണികളെ ആവേശഭരിതരാക്കിയായിരുന്നു സ്ഥാനാർത്ഥികളുടെ പര്യടനം. ഇതിനായി വാഹനപ്രചാരണത്തിനാണ് മുൻഗണന നൽകിയത്. ഇതിനൊപ്പം കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും മതസമുദായിക നേതാക്കളെ കാണാനും സ്ത്രീവോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനും അവർ മറന്നില്ല. ചിലരാകട്ടെ കാൽനട ജാഥകൾകൊണ്ട് പ്രധാനകവലകളിൽ സജീവമായി. പൊലീസിന്റെ കർശനനിരീക്ഷണമുണ്ടായിരുന്നതോടെ കൃത്യം ഏഴോടെ പരസ്യപ്രചാരണത്തിന് തിരശീല വീണു.
കഴക്കൂട്ടം
പേട്ട മുതൽ വെൺപാലവട്ടം വരെയുള്ള റോഡ് ഷോയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണത്തിന് തുടക്കമായത്. ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള സ്വീകരണം ഏറ്റവാങ്ങിയായിരുന്നു പ്രയാണം. വലിയവേളിലിയും സ്റ്റേഷൻകടവിലും കടകംപ്പള്ളിയിലും കൺവെഷനുകളിലും പങ്കെടുത്തു. വനിതകൾ സംഘടിപ്പിച്ചവയായിരുന്നു ഏറിയപങ്കും. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന് വോട്ട് തേടി രാഹുൽ ഗാന്ധിയുമെത്തി. പൂജപ്പുരയിൽ നടന്ന സമ്മേളനത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ലാലിനൊപ്പം കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോജേജ്, കുമാരപുരം, കണ്ണമ്മൂല പ്രദേശങ്ങളിൽ പര്യടനം നടത്തിയത്. കാൽനടജാഥയുമായി കളം നിറഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ശ്രീകാര്യം കരിയം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ശോഭയുടെ വാഹന പ്രചാരണം. വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരിയം ജംഗ്ഷനിൽ നിന്നാരംഭിച്ച അവരുടെ കാൽനട പദയാത്ര കേരളാദിത്യപുരത്ത് സമാപിച്ചു.
തിരുവനന്തപുരം
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്ന അവസാന വട്ട ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. ഇതിനൊപ്പം ആവേശം തീർത്ത് അണികളും രംഗം കൊഴുപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ചാക്ക, കരമന, വത്സല നഴ്സിംഗ്, കിള്ളിപ്പാലം, അട്ടകുളങ്ങര എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. വൈകിട്ട് വേളിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മണ്ഡലമൊട്ടാകെ ചുറ്റി പഴവങ്ങാടിയിൽ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ തമ്പാനൂർ തോപ്പ് ഭാഗം, കൊച്ചവേളി, വഞ്ചിയൂർ, ആറന്നൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. വൈകിട്ട് 3 മൂന്നു മണി മുതൽ ശശിതരൂരുമായി തുറന്ന ജീപ്പിൽ വേളി മുതൽ പൂന്തൂറ വരെ നടത്തിയ പര്യടനത്തോടെ സമാപിച്ചു. സ്ഥാനാർത്ഥി പര്യടനം ശനിയാഴ്ച പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ വൈകിട്ട് 5 പൂന്തൂറ സെന്റ് തോമസ് ചർച്ച് കൊടിയേറ്റിൽ പങ്കെടുത്തു.
വട്ടിയൂർക്കാവ്
ശാസ്തമംഗലം മുതൽ വട്ടിയൂർക്കാവ് വരെയുള്ള റോഡ് റോളർ ജാഥയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് മണ്ഡലത്തിൽ സജീവമായത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥി പാഞ്ഞെത്തി. മുട്ടത്തറ പാറയിൽ ദേവീക്ഷേത്രം, പാളയം എൽ.എം.എസ് പള്ളി തുടങ്ങി വിവിധ ആരാധനാലയങ്ങൾ അദ്ദേഹം സന്ദർശിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി. രാജേഷ് രാവിലെ കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വൈകിട്ട് പാളയം എൽ.എം.എസ് പള്ളി, കാഞ്ഞിരംപാറ വിമല ഹൃദയ വോലയം തുടങ്ങിയിടങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. പേരൂർക്കട പള്ളി, പാറയിൽ ഭഗവതി ക്ഷേത്രം, സെന്റ് പോൾസ് മാർത്തോമ പള്ളി, പി.ടി.പി സി.എസ്.ഐ പള്ളി, സെന്റ് പോൾസ് മാർത്തോമ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച വോട്ട് തേടിയ വീണ വൈകിട്ട് രാഹുൽഗാന്ധിയുടെ സമ്മേളനത്തിലും പങ്കെടുത്തു.
നേമം
എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രാവിലെ മണ്ഡലത്തിലെ കീവോട്ടേഴ്സിനെ കാണുന്ന തിരക്കിലായിരുന്നു. പാപ്പനംകോട്, പൂജപ്പുര വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വൈകിട്ട് കൈമനം മുതൽ പാപ്പനംകോട് വരെയുള്ള പദയാത്രയോടെ സമാപനം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും കീവോട്ടർമാരെ നേരിൽ കാണുന്ന പാച്ചിലിലായിരുന്നു. ആരാധനാലയങ്ങളിലും സന്ദർശനം നീണ്ടു. കരമന, നെടുങ്കാട്, കാലടി, ചിറമുക്ക്, കളിപ്പാൻകുളം, തൃക്കണ്ണാപുരം, തിരുമല, പുന്നയ്ക്കമുഗൾ, തിരുവല്ലം, വാഴമുട്ടം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പഴഞ്ചിറ ക്ഷേത്രത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പിന്നാലെ വാഴമുട്ടം, അമ്പലത്തറ എന്നിവിടങ്ങളിൽ ശശിതരൂർ എം.പിക്കൊപ്പം ഗൃഹസന്ദർശനവും വാഹനപര്യടനവും വൈകിട്ട് നാലോടെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തോടെ പരസ്യപ്രചാരണത്തിന് സമാപനം.