തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ച എൽ.ഡി.എഫിനെതിരെ വോട്ടുചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ സംയുക്തമായി പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിൽ എൽ.ഡി.എഫ് സർക്കാർ മുന്നിലാണ്. കരാർ, കൺസൾട്ടൻസി നിയമനങ്ങളിലൂടെ പാർട്ടി ബന്ധുക്കളേയും ആശ്രിതരേയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തി മെറിറ്റിനെ അട്ടിമറിച്ചെന്നും ഇവർ ആരോപിച്ചു. എൽ.ജി.എസ് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അവർ വീണ്ടും സമരവുമായെത്തും. എൽ.ഡി.എഫിന്റെ തുടർഭരണത്തെ ഒഴിവാക്കാൻ ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും പരിശ്രമിക്കുമെന്ന് സംഘടനകൾ സംയുക്തമായി പറഞ്ഞു.