തിരുവനന്തപുരം:അദാനി 'വെറുക്കപ്പെട്ടവനെങ്കിലും' അദാനിയുടെ വൈദ്യുതി സർക്കാരിന് പഥ്യമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദാനി വൈദ്യുതി കരാറിനെ വിമർശിച്ചെങ്കിലും ഈ വൈദ്യുതി ഇടപാട് കേരളത്തിന് ലാഭം തന്നെ..എന്നാൽ,സർക്കാരിന് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാതിരിക്കാമായിരുന്നു എന്ന വാദവും ഉയരുന്നു.
ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ഇവയാണ്. 1.സർക്കാരിന്റെ അദാനി വിരോധം തട്ടിപ്പ്, 2.അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കാൻ വഴിവിട്ട് 2.82യൂണിറ്റ് നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി 25വർഷത്തേക്ക് വാങ്ങാൻ കരാറൊപ്പിട്ടു. 3.ജനങ്ങൾക്ക് വൈദ്യുതി ചാർജ്ജ് വർദ്ധനയിലൂടെ അധികഭാരം .4. പാരമ്പര്യേതര വൈദ്യുതി ബാധ്യതകൊണ്ടാണ് വാങ്ങിയതെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് യൂണിറ്റിന് ഒരു രൂപ നിരക്കിൽ വാങ്ങിയാൽ മതിയായിരുന്നു.
അതേ സമയം, ഇതിൽ ആദ്യത്തേത് ഒഴികെയുള്ള ആരോപണങ്ങൾ സാങ്കേതിക കാരണങ്ങളാൽ വസ്തുതയുമായി യോജിക്കുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അദാനിയുമായി ഇടപാട് വേണ്ടെന്നത് ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ്. അത് മറച്ചുവച്ച് സർക്കാർ കെ.എസ്.ഇ.ബി അദാനിയുമായി കരാർ ഒപ്പുവച്ചത് ന്യായീകരിക്കാനാവില്ലെന്നും,. അത് സർക്കാർ അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി വാങ്ങുന്നതിന്റെ അധിക ബാധ്യത പിന്നീട് ജനങ്ങളുടെ മേൽ ചാർജ്ജ് വർദ്ധനയായി അടിച്ചേൽപിക്കേണ്ടിയും വരും.
അതേസമയം അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയത് വഴിവിട്ടാണെന്ന ആരോപണം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്.. രണ്ടു തരത്തിലുള്ള റിന്യൂവബിൾ എനർജി ബാധ്യതയാണുള്ളത്. സോളാറും സോളാർ അല്ലാത്തതും. കാറ്റാടി വൈദ്യുതി വാങ്ങുന്നത് നിർബന്ധമല്ലെന്ന് അർത്ഥം. കുറഞ്ഞനിരക്കിൽ സോളാർ വൈദ്യുതി കിട്ടുമെങ്കിൽ കാറ്റാടി വൈദ്യുതി വാങ്ങാതെ സോളാർ വൈദ്യുതി വാങ്ങി ബാധ്യത നിറവേറ്റാം. എന്നാൽ അദാനിയുടെ വൈദ്യുതി യൂണിറ്റി 2.82രൂപ ഏറ്റവും കുറഞ്ഞ നിരക്കാണ് അദാനിയുടെ കരാറുകളിൽ ഇതര കരാറുകളെപ്പോലെ ഫിക്സഡ് ചാർജില്ലെന്ന ആനുകൂല്യവുമുണ്ട്.
വൈദ്യുതി വാങ്ങൽ
നിരക്കുകൾ യൂണറ്റിന്
₹ഇടുക്കി പോലുള്ള ജലവൈദ്യുതി പദ്ധതികൾ-1രൂപ
₹കെ.എസ്.ഇ.ബി.യുടെ നേരിട്ടുള്ള ചെറുകിടപദ്ധതികൾ- 1.50രൂപ
₹കൂടംകുളത്തുനിന്നുള്ള വൈദ്യുതി - 4രൂപ
₹കേന്ദ്രഗ്രിഡിൽ നിന്നുള്ള വൈദ്യുതി- 3.50രൂപ
₹ഹ്രസ്വകാല കരാർ -3രൂപ
₹കെ.എസ്.ഇ.ബി.സോളാർ വൈദ്യുതി -2രൂപ
₹പുരപ്പുറ സോളാർ വൈദ്യുതി- 2.90രൂപ
₹ചെറുകിടസ്വകാര്യജലവൈദ്യുതി -5രൂപ
₹ദീർഘകാല അന്തർസംസ്ഥാനകരാർ വൈദ്യുതി -4.രൂപ മുതൽ 6.50വരെ
സംസ്ഥാനത്തെ
വൈദ്യുതി സ്ഥിതി
₹ ഉത്പാദനശേഷി -2224മെഗാവാട്ട്
₹ ആവശ്യം -4316 മെഗാവാട്ട്
₹പ്രതിദിന ഉപഭോഗം- 82.79ദശലക്ഷം യൂണിറ്റ്
₹പ്രതിദിന ലഭ്യത )ജലവൈദ്യുതി) 22.73 ദശലക്ഷം യൂണിറ്റ്,
₹പുറത്തു നിന്ന് 60.05ദശലക്ഷം യൂണിറ്റ്.