c

തിരുവനന്തപുരം:വിലക്ക് ലംഘിച്ച് പൂജപ്പുരയിൽ മൂന്നു മുന്നണി പ്രവർത്തകരും കൊട്ടിക്കലാശം നടത്തി.മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നില്ല നടന്നത്.വൈകിട്ട് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു കൊട്ടിക്കലാശം നടന്നത്. വൈകിട്ട് ആറരയോടെ യു.ഡി.എഫ് പ്രവർത്തർ യോഗസ്ഥലത്തു നിന്നും സമീപത്തെ ഇലക്ഷൻ കമ്മിറ്റി ഓഫീസിലേക്ക് നടന്നു. അപ്പോഴേക്കും എതിർവശത്തു നിന്നും ബി.ജെ.പി പ്രവർത്തകരുടെ പ്രകടനമെത്തി. അതോടെ ഇരുവശത്തു നിന്നും പ്രവർത്തകർ മത്സരിച്ച് മേളം മുഴുക്കയും ആർപ്പുവിളിക്കുയും ചെയ്തു. കൈയാങ്കളിയുടെ വക്കോളമെത്തിയപ്പോൾ പൊലീസെത്തി. ഉടനെത്തിയ കേന്ദ്ര സേന ഇരുപക്ഷത്തിന്റെയും നടുവിൽ നിലയുറപ്പിച്ചു. ഇതിനിടെ ജംഗ്ഷൻ ഭാഗത്തു നിന്നും എൽ.ഡി.എഫ് പ്രവർത്തകരുമെത്തി ആരവം മുഴക്കി. ഇതോടെ ഗതാഗതം തടസപ്പെട്ടു. പ്രവർത്തകരെ പൊലീസ് തള്ളിമാറ്റി. ഏഴുമണിയോടെയാണ് ബഹളം അവസാനിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചിട്ടും എൽ.ഡി.എഫ് പ്രവർത്തകർ കൊടി താഴ്ത്തിയില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടു.