പാറശാല: പരസ്യപ്രചാരണത്തിന്റെ സമാപനത്തിനിടെ കുന്നത്തുകാലിൽ കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ആക്രമിച്ചെന്ന് പരാതി. പ്രചാരണ വാഹനം അടിച്ചുതകർത്ത ശേഷം കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്‌തു. പാറശാല നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അൻസജിത റസലിന്റെ റോഡ് ഷോ നടക്കുമ്പോൾ കുന്നത്തുകാൽ ജംഗ്‌ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവർത്തകരുടെ കൊട്ടിക്കലാശത്തിനിടെ സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം സെക്രട്ടറി നിധിൻ, പ്രവർത്തകരായ ക്രിസ്‌തുദാസ്, വടകര സ്വദേശികളായ ജിനു, രാജേഷ്, സജീവ്, സന്തോഷ്, ഇടഞ്ഞി സ്വദേശികളായ ബിജുകുമാർ, ഷൈൻരാജ് എന്നിവർക്ക് പരിക്കേറ്റു. പാറശാല പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ തുടർന്നെങ്കിലും നെടുവാൻവിളയിൽ സി.പി.എം പ്രവർത്തകർ വീണ്ടും തടഞ്ഞു.