ഈസ്റ്റർ ദിനത്തിൽ 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് ദുൽഖർ സൽമാൻ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് ദുൽഖർ വേഷമിടുന്നത്. കേരള പൊലീസിന് നേരെ മുർദാബാദ് മുദ്രാവാക്യങ്ങൾ വിളിക്കുന്ന പ്രതിഷേധക്കാരും ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന ദുൽഖറുമാണ് ടീസറിലുള്ളത്.
പൊലീസ് യൂണിഫോമിൽ മാസ് ഗെറ്റപ്പിലാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ബോബി - സഞ്ജയ് കൂട്ടുകെട്ട് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, ഗണപതി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അസ്ലം പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് സുധാകരൻ, ആർട്ട്: സിറിൽ കുരുവിള, സ്റ്റിൽസ്: രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ.