ഭരണം ഞങ്ങൾ തീരുമാനിക്കും
ഇത്തവണ ബഹുദൂരം നമ്മൾ മുന്നോട്ട് പോയി.എൻ.ഡി.എ കേരള നിയമസഭയിലെ നിർണായക ശക്തിയാകും. ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഭരണം പിടിക്കാൻ തന്നെയാണ് മത്സരിക്കുന്നത്.ഇരുമുന്നണികളെയും ജനങ്ങൾ തിരിച്ചറിഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ വിജയരഹസ്യം. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഞങ്ങളുടെ വിശ്വാസ്യത.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ്
കണക്ക് പുറത്ത്
പറയില്ല
എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്ന ഭൂരിപക്ഷമുണ്ടാകും. എത്ര സീറ്റ് കിട്ടുമെന്ന കണക്ക് ഞങ്ങൾക്കുണ്ട്. അത് പുറത്ത് പറയില്ല. അങ്ങനെ പറഞ്ഞാൽ കുറേ സീറ്റ് തോൽക്കാനെന്ന് വിചാരിക്കില്ലേ. എല്ലാ സീറ്റിലും ജയിക്കണം. ജനം എൽ.ഡി.എഫിനൊപ്പം നിൽക്കുകയാണ്.ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ല.
-കാനം രാജേന്ദ്രൻ
സി.പി.ഐ
സംസ്ഥാന സെക്രട്ടറി
മികച്ച
വിജയം നേടും
മത്സരിക്കുന്ന 12 സീറ്റിലും കേരള കോൺഗ്രസ് (എം) മികച്ച വിജയം നേടും. ഒപ്പം ഭരണത്തുടർച്ചയുമുണ്ടാകും. യു.ഡി.എഫ് കോട്ടകളായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങൾ ഇത്തവണ എൽ.ഡി.എഫിനൊപ്പം അണിചേരുകയാണ്. കോട്ടയം ജില്ലയിൽ ഇടതുമുന്നണി വൻമുന്നേറ്റമാണ് കാഴ്ചവയ്ക്കാൻ പോകുന്നത്.
-ജോസ് കെ.മാണി
കേരള കോൺഗ്രസ് എം ചെയർമാൻ
റെക്കാഡ് ഭൂരിപക്ഷം നേടും
മികച്ച വിജയസാദ്ധ്യതയാണ് ഇടതുപക്ഷത്തിന്. ഇതുവരെ എൽ.ഡി.എഫിന് കേരളത്തിൽ കിട്ടിയതിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷവും സീറ്റുകളും കിട്ടും. ഏറ്റവും വലിയ തിരിച്ചടി യു.ഡി.എഫിനും ബി.ജെ.പിക്കുമുണ്ടാകും.പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വന്തമായ രാഷ്ട്രീയനിലപാട് എവിടെയും ഉയർത്താനായിട്ടില്ല.
-എ. വിജയരാഘവൻ,
സി.പി.എം സംസ്ഥാന
ആക്ടിംഗ് സെക്രട്ടറി
15,000 വോട്ടിന്
ജയിക്കും
പാലായിലും ഏലത്തൂരിലും എൻ.സി.കെ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലായിൽ മുൻപ് മത്സരിക്കുമ്പോൾ വോട്ടു ചെയ്യാമെന്നാണ് ജനങ്ങൾ പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ഞങ്ങളുണ്ട് കൂടെയെന്നാണ് അവർ പറയുന്നത്. അതാണ് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ കഴിഞ്ഞു.
-മാണി സി.കാപ്പൻ എൻ.സി.കെ സംസ്ഥാന
പ്രസിഡന്റ്
യു.ഡി.എഫ് 85 ലേറെ
സീറ്റ് നേടും
യു.ഡി.എഫ് 85 ലേറെ സീറ്റ് നേടി ഭരണത്തിലേറും. കഴിഞ്ഞ ഒരാഴ്ച കൊണ്ട് വലിയ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. ശബരിമല വിവാദം ചർച്ച ചെയ്യപ്പെട്ടതും സ്വർണക്കടത്തും പിൻവാതിൽ നിയമനവും ആഴക്കടൽ മത്സ്യബന്ധന കാരാറുമെല്ലാം കേരള ജനതയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. -
എൻ.കെ. പ്രേമചന്ദ്രൻ
ആർ.എസ്.പി
നേതാവ്
തുടർഭരണം ലഭിക്കും
എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാവില്ലെങ്കിലും നല്ല ഭൂരിപക്ഷത്തോടെ ഇടതിന് തുടർഭരണം ലഭിക്കും.എല്ലാ പ്രതിസന്ധികളിലും ജനങ്ങളോടൊപ്പം നിന്നവരാണ് ഇടത് സർക്കാർ. ദേശീയ രാഷ്ട്രീയം വിലയിരുത്തുമ്പോഴും ഇടത് പാർട്ടികളുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്.
-എ.കെ. ശശീന്ദ്രൻ
എൻ.സി.പി
നേതാവ്
80 സീറ്റിന് മുകളിൽ കിട്ടും
യു.ഡി.എഫ് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാവും. 80 സീറ്റിന് മുകളിൽ കിട്ടുമെന്നാണ് എന്റെ അഭിപ്രായം. കിറ്റും പെൻഷനും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിച്ചത്. ഈ സർക്കാർ എടുത്ത കടത്തിന്റെ കണക്ക് പരിശോധിച്ചാൽ മനസിലാവും ഇവരുടെ പ്രവർത്തനത്തെക്കുറിച്ച്.
-പി.കെ. കുഞ്ഞാലിക്കുട്ടി,
മുസ്ലിംലീഗ് ദേശീയ
ജനറൽ സെക്രട്ടറി
അട്ടിമറി വിജയമുണ്ടാകും
ബി.ഡി.ജെ.എസ് മത്സരിക്കുന്ന 21 സീറ്റിലും ശക്തമായ മത്സരമാണ്. ചില സീറ്റുകളിൽ അട്ടിമറി വിജയം നേടും. പ്രചാരണം അവസാനിക്കുമ്പോൾ 140 മണ്ഡലങ്ങളിലും ത്രികോണമത്സരത്തിന്റെ പ്രതീതിയാണ്. ആരു ജയിക്കുമെന്ന് പറയാനാവില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞു.
-തുഷാർ വെള്ളാപ്പള്ളി
ബി.ഡി.ജെ.എസ്
സംസ്ഥാന അദ്ധ്യക്ഷൻ
85-90 സീറ്റുകൾ വരെ നേടും
85-90 സീറ്റുകൾ വരെ ഇടത് മുന്നണി നേടും.യു.ഡി.എഫിന്റെ സീറ്റുകൾ പോലും ഇടത് മുന്നണി പിടിച്ചെടുക്കും. എൽ.ജെ.ഡി മത്സരിക്കുന്ന മൂന്നിടത്തും വിജയിക്കും. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിലുടനീളം സഞ്ചരിച്ചിട്ടും സർക്കാരിനെതിരെ ഒരു പരാതി പോലും കേട്ടില്ല.
-എം.വി.ശ്രേയാംസ് കുമാർ
എൽ.ജെ.ഡി
സംസ്ഥാന
അദ്ധ്യക്ഷൻ
ഉറപ്പാണ് 80 സീറ്റ്
നിയമസഭാ തിരഞ്ഞെടുപ്പ് അവസാനലാപ്പിലെത്തുമ്പോൾ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യു.ഡി.എഫിന് 80 സീറ്റിന് മുകളിൽ കിട്ടും. മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാണ്. കേരള കോൺഗ്രസ് മത്സരിക്കുന്ന മുഴുവൻ സീറ്റുകളിലും വിജയിക്കും. കേരളത്തിലെങ്ങും ഭരണവിരുദ്ധവികാരം ശക്തമാണ്.
-കേരളകോൺഗ്രസ്
നേതാവ്
പി.ജെ. ജോസഫ്
നൂറ് സീറ്റുകൾ
വരെ കിട്ടും
ഏറക്കുറെ എല്ലാ മണ്ഡലങ്ങളിലും ഞാൻ ഓടിയെത്തി. നല്ല ആത്മവിശ്വാസമുണ്ട്. യു.ഡി.എഫിന് നൂറ് സീറ്റെങ്കിലും കിട്ടുമെന്നാണ് എന്റെ അഭിപ്രായം. രാഹുൽ ഗാന്ധിയെത്തിയ പ്രചാരണ പരിപാടിയിലൊക്കെ വൻആൾക്കൂട്ടമായിരുന്നു. സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ജനം പൂർണമായി തള്ളിക്കളഞ്ഞു.
- മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി
പ്രസിഡന്റ്