mullapally

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ബി.ജെ.പിയെ തോല്പിക്കാൻ എൽ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആഹ്വാനം സംസ്ഥാനത്ത് എൽ.ഡി.എഫ് -യു.ഡി.എഫ് ഡീൽ ഉണ്ടെന്ന തങ്ങളുടെ വിമർശനം ശരിവയ്ക്കുന്നതായി ബി.ജെ.പി ആരോപിക്കുന്നു. സംസ്ഥാനത്ത് കോ-മാ സഖ്യമാണെന്ന് നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും ഒരേ സ്വരത്തിൽ പറയുന്നതാണ് ബി.ജെ.പി തങ്ങളുടെ ആരോപണത്തെ സാധൂകരിക്കാനായി ചൂണ്ടിക്കാട്ടുന്നത്. 2016ൽ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനംരാജശേഖരനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയപ്പോഴും തനിക്ക് സി.പി.എം വോട്ടുകൾ കിട്ടിയിരുന്നുവെന്ന് അന്ന് കെ.മുരളീധരൻ പറഞ്ഞിരുന്നു. അന്ന് ടി.എൻ.സീമയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. 2016ൽ മഞ്ചേശ്വരത്തും കെ.സുരേന്ദ്രനെ തോല്പിക്കാൻ എൽ.ഡി.എഫ് യു.ഡി.എഫിന് വോട്ട് ചെയ്തതായി ആരോപണമുയർന്നിരുന്നു. പുത്തിഗെ പഞ്ചായത്തിലെ ചില ബൂത്തുകളിലാണ് അവസാന നിമിഷം വോട്ട് മറിച്ചത്. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. നേരത്തെ സി.പി.എം സ്ഥാനാർത്ഥി സി.എച്ച്.കുഞ്ഞമ്പു ജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം.

ബി.ജെ.പിയെ തോല്പിക്കാൻ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് സി.പി.എമ്മിനും നേമത്തും തിരുവനന്തപുരത്തും സി.പി.എം കോൺഗ്രസിനും വോട്ട് മറിച്ചുകൊടുക്കാൻ പദ്ധതിയിട്ടെന്നാണ് ബി.ജെ.പി ആരോപണം. ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത് അത് പൂട്ടിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശ വാദം. 2016ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച സി.പി.എം സ്ഥാനാർത്ഥി ശിവൻകുട്ടിക്ക് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായിരുന്നു. എന്നാൽ 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അത് പൂർണമായും കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ശശിതരൂരിനായി. ഇത്തവണ യു.ഡ‌ി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ വന്നതോടെ ന്യൂനപക്ഷ വോട്ടുകൾ മുരളീധരൻ പിടിക്കുമെന്ന നിലയിലായി. ഇത് ബി.ജെ.പിയുടെ സാദ്ധ്യത വർദ്ധിപ്പിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കെ.മുരളീധരനെ നേമത്ത് സി.പി.എം പിന്തുണയ്ക്കുമെന്ന് ബി.ജെ.പി ആരോപിക്കുന്നത്. ബി.ജെ.പിക്ക് വിജയസാദ്ധ്യതയുള്ള മഞ്ചേശ്വരത്തിന്റെ പേരിലുള്ള മുല്ലപ്പള്ളിയുടെ ആഹ്വാനം ബി.ജെ.പി ജയിച്ച നേമത്തിന് വേണ്ടികൂടിയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അതേ സമയം പ്രത്യുപകാരമായി കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെയും വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിനെയും യു.ഡി.എഫ് പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനെ സി.പി.എം പിന്തുണയ്ക്കുമെന്നും ബി.ജെ.പി ആരോപിക്കുന്നു.

എന്നാൽ, ഇത് സി.പി.എം അംഗീകരിക്കുന്നില്ല. ബി.ജെ.പിയുമായാണ് തങ്ങളുടെ പ്രധാന മത്സരം എന്ന് നേമത്തെയും വട്ടിയൂർക്കാവിലെയും കഴക്കൂട്ടത്തെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ വി.ശിവൻകുട്ടിയും വി.കെ.പ്രശാന്തും കടകം പള്ളി സുരേന്ദ്രനും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടേത് കുപ്രചാരണമാണെന്നും സംസ്ഥാനത്ത് പലയിടത്തും യു.ഡി.എഫ്- ബി.ജെ.പി ധാരണയുണ്ടെന്നുമാണ് എൽ.ഡി.എഫ് പ്രത്യാരോപണം.