കോട്ടയം: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തമായി അറിയാമെങ്കിലും പകലും രാത്രിയും വ്യത്യാസമില്ലാതെ ലഹരി വസ്തുക്കളുടെ ക്രയവിക്രയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊടിപൊടിക്കുകയാണ്. തൊടുപുഴ, മുട്ടം, മൂലമറ്റം, വഴിത്തല പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കൈമാറ്റം വ്യാപകമായി നടന്നിരുന്നത് അധികൃതർ നിരവധി പ്രാവശ്യം പിടികൂടിയിരുന്നു. ഇവിടങ്ങളിലെ ചില വിദ്യാർത്ഥികൾ ലഹരി കച്ചവട ഏജന്റുമാരുടെ കണ്ണികളിൽ അകപ്പെട്ടിട്ടുമുണ്ട്. ചില വിദ്യാർഥികൾ ലഹരി വസ്തുക്കൾ സ്വന്തം ഉപയോഗത്തിന് വേണ്ടിയാണ് ഏജന്റുമാരുടെ മോഹന വാഗ്ദാന വലയിൽ വീഴുന്നത്. എന്നാൽ മറ്റ് ചിലർ ഇടനിലക്കാരായി പ്രവർത്തിച്ച് ഇതിൽ നിന്ന് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ്. വിദൂര ജില്ലകളിൽ നിന്ന് എത്തി ഇവിടങ്ങളിൽ പഠനം നടത്തുന്നതും ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്ന വിദ്യാർത്ഥികളാണ് ഇതിൽ കണ്ണികളാക്കുന്നതിൽ അധികവും. രണ്ട് വർഷം മുൻപ് മുട്ടത്തുള്ള ഒരു കോളേജിൽ കോളേജ് ഡേയുടെ അന്ന് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെയുള്ള സംഘം മദ്യപിച്ച് അടിപിടി കൂടിയത് പൊലീസ് കേസ് ആക്കാതെ ഒതുക്കി തീർത്തതും വാർത്തയായിരുന്നു. ഇതിന് ശേഷം മുട്ടത്തുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസും എക്സൈസ് വകുപ്പും നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തൊടുപുഴ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതെ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നതായി ചില കച്ചടവടക്കാർ പറയുന്നു.കോതായിക്കുന്ന് - മങ്ങാട്ട് കവല -കെ എസ് ആർ ടി സി ബാസ്റ്റാന്റ്, നഗരസഭ ഓഡിറ്റോറിയം പരിസരം, പഴയ പ്രൈവറ്റ് സ്റ്റാൻഡ് പരിസരം, ടാക്സി സ്റ്റാൻഡ്,ജില്ലാ ആശുപത്രി റോഡ്, പഴയ ന്യൂ തിയേറ്റർ പരിസരം ഇവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമാണെന്ന് പറയപ്പെടുന്നു. ഹൈറേഞ്ചിൽ നിന്ന് തൊടുപുഴയിലേക്ക് എത്തുന്ന ചില സ്വകാര്യ ബസുകളിൽ ലഹരി വസ്തുക്കൾ എത്തുന്നത് പൊലീസ് പിടികൂടിയ സംഭവങ്ങളും ഉണ്ട്. ഇവിടെയുള്ള ചിലർക്ക് വാറ്റ് അടിച്ചാൽ മാത്രമേ തൃപ്തി വരൂ എന്ന അവസ്ഥയാണ്.ഇക്കൂട്ടരെ തൃപ്തിപ്പെടുത്താൻ തൊടുപുഴ താലൂക്കിന്റെ വിവിധ രഹസ്യ കേന്ദ്രങ്ങളിൽ വാറ്റ് ചാരായത്തിന്റെ ഉത്പാദനവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ പൊലീസ്, എക്സൈസ്, തദ്ദേശ സ്ഥാപന അധികൃതരെ വിവരങ്ങൾ അറിയിക്കുന്നുണ്ടെങ്കിലും വാറ്റിന്റെ ഉത്പാദകരെ പിടികൂടാൻ അധികൃതർ എത്തുമ്പോൾ ചട്ടിയും കലവും മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന അവസ്ഥയാണ്. ലോക്ക് ഡൗൺ സമയങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങളാണുണ്ടായിട്ടുള്ളത്.