balachandran

അരങ്ങിലും അണിയറയിലും ഒരുപോലെ തിളങ്ങി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലേട്ടൻ എന്ന് അടുപ്പമുള്ളവർ സ്നേഹപൂർവം വിളിച്ചിരുന്ന പി.ബാലചന്ദ്രൻ ഇനി ഇല്ല. എഴുത്തിലും അഭിനയത്തിലും പ്രതിഭ തെളിയിച്ച ബാലചന്ദ്രന് നടനായി അറിയപ്പെടാനായിരുന്നു ആഗ്രഹം. എന്നും നാടകങ്ങൾക്കൊപ്പം സഞ്ചരിച്ച ബാലചന്ദ്രൻ സിനിമയിലേക്കുള്ള മിന്നുന്ന അവസരങ്ങൾ പലപ്പോഴും വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകരുടെ നാടകത്തിൽ പെൺവേഷം കെട്ടിയായിരുന്നു ബാലചന്ദ്രന്റെ അരങ്ങുജീവിതത്തിന്റെ തുടക്കം. "അഭിനയമോഹം കൊണ്ടല്ല, സാറുമ്മാരുടെ കൂടെക്കൂടിയാൽ പിന്നെ അടി കിട്ടത്തില്ല, ക്ലാസ് ടെസ്റ്റിനു മാർക്കു കിട്ടും എന്നൊക്കെയായിരുന്നു വിചാരം" എന്ന് ബാലചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. ശാസ്താംകോട്ട ഡി.ബി കോളജിൽ അദ്ധ്യാപകരും കുട്ടികളുമെല്ലാം ചേർന്നു നാടകം കളിക്കാറുണ്ടായിരുന്നു. രാത്രിയിലെ നാടകങ്ങൾ കാണാൻ നാട്ടുകാരടക്കം എത്തും. ശ്രീമന്ദിരം കെപിയുടെ ഓണമുണ്ടും ഓടക്കുഴലും, സി.എൻ. ശ്രീകണ്ഠൻ നായരുടെ ഏട്ടിലെ പശു എന്നീ നാടകങ്ങൾ ജി. ശങ്കരപ്പിള്ള സംവിധാനം ചെയ്ത് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കളരിയിൽ ബാലചന്ദ്രനും കൂടി. അഭിനയിക്കാനുള്ള ആ അഭിനിവേശമാണ് നാടകവും തിരക്കഥയുമെഴുതാനും സംവിധായകനാകാനുമൊക്കെ പി. ബാലചന്ദ്രനെ പാകപ്പെടുത്തിയത്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്താണ് നാടകം എന്ന കലയോട് കൂടുതൽ അടുക്കുന്നത്. അക്കാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സ്കൂൾ ഒഫ് ഡ്രാമയുടെ ഒരു ക്യാമ്പിനായി ഹരിയാനയിലേക്ക് പോയപ്പോഴായിരുന്നു അത്. ആറ്റൻബറോയുടെ 'ഗാന്ധി' സിനിമയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥിപ്രവാഹത്തിന്റെ ചിത്രീകരണത്തിൽ അഭയാർത്ഥികളുടെ കൂട്ടത്തിൽ ഒരാളായി അദ്ദേഹവും കൂടുകയായിരുന്നു. ആരോരും അറിഞ്ഞില്ലെങ്കിലും സിനിമയിൽ തന്റെ മുഖം ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചരിത്രസിനിമയുടെ ഭാഗമായതിലുള്ള ചാരിതാർത്ഥ്യം അദ്ദേഹം എന്നും മനസിൽ സൂക്ഷിച്ചിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ 'കൾട്'ൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 'മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം' എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയേറ്റർ തെറാപ്പി, ഒരു മദ്ധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം, പൊലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. പുനരധിവാസത്തിലെ (2000) അച്ഛൻ വേഷത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ നടനായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇവർ, ബ്യൂട്ടിഫുൾ, ട്രിവാൻഡം ലോഡ്ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടൽ കടന്നൊരു മാത്തുക്കുട്ടി, ചാർലി, കമ്മട്ടിപ്പാടം , ഈട തുടങ്ങിയ നാൽപതോളം സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരപ്പിച്ചു. 'ഇവൻ മേഘരൂപൻ' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. 1989ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് പി ബാലചന്ദ്രന് 'പാവം ഉസ്മാൻ' എന്ന നാടകം നേടിക്കൊടുത്തു. 1989ൽ 'പ്രതിരൂപങ്ങൾ' എന്ന നാടകത്തിന്റെ രചനയ്ക്ക് കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് നേടി. 'പുനരധിവാസം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാഡമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാഡമി അവാർഡും പി.ബാലചന്ദ്രനെ തേടിയെത്തി.