adhivasi

സുൽത്താൻ ബത്തേരി: 'പതിവ് പോലെ ചിരിച്ച് കാണിച്ച് വോട്ടിനായി ഇനി ആരും ഇങ്ങോട്ട് വരേണ്ട. ഞങ്ങൾക്ക് വേണ്ടി ചെയ്ത് തരാൻ പറ്റുന്ന കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ അത്‌ രേഖയിലാക്കി തന്നാൽ വോട്ട് തരാം. അത് സാധാ വെള്ളകടലാസിൽ എഴുതി ഒപ്പിട്ട് തന്നാലും മതി. പക്ഷേ ഞങ്ങൾക്ക് രേഖ വേണം. എല്ലാ പ്രാവശ്യവും പറ്റിക്കുന്നത്‌ പോലെ ഇനി പറ്റിക്കാൻ കിട്ടില്ല.' ഇത് പറഞ്ഞത് പ്രാക്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട ബാലനാണ്. കാട്ടുനായ്ക്ക വിഭാഗത്തിന്റെ മൊത്തം പ്രതിനിധിയായാണ് സംസാരിച്ചത്.
വനാന്തരഗ്രാമമായ ചെട്ട്യാലത്തൂർ പ്രദേശത്തെ മുപ്പത്തിയഞ്ച് കുടുംബങ്ങളാണ് ഇപ്രാവശ്യം വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്ത് വരുകയും ആവശ്യങ്ങൾ അംഗീകരിച്ചാൽ വോട്ട് തരാമെന്ന് കർക്കശമായി പറയുകയും ചെയ്തിരിക്കുന്നത്. 60 വോട്ടുകളാണ് കാട്ടുനായ്ക്ക വിഭാഗത്തിനുള്ളത്. വീട്, വഴി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി ചെയ്തു തരുമെന്ന് രേഖയുണ്ടാക്കി എഴുതി ഒപ്പിട്ട് തരുന്ന പാർട്ടിക്ക് മാത്രമാണ് വോട്ട് നൽകുക.കഴിഞ്ഞ കുറെകാലങ്ങളായി വോട്ട് വാങ്ങി പോകുന്നവർ പിന്നീട് എപ്പോഴെങ്കിലും കാണുമ്പോൾ ഒന്ന് ചിരിക്കുകയോ കൈപൊക്കി കാണിക്കുകയോ ആണ് ചെയ്യുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് എന്ത് നേട്ടം. കൃത്യമായി ചെയ്തു തരുന്ന കാര്യങ്ങളെപ്പറ്റി രേഖ വെക്കണം എങ്കിൽ മാത്രമെ വോട്ട് തരൂ.
കാലങ്ങളായി പാർട്ടിക്കാരുടെ വാക്ക് കേട്ട് വഞ്ചിക്കപ്പെടുകയായിരുന്നു. ഇനി അത് നടപ്പില്ല. ചെയ്യുന്ന കാര്യങ്ങൾക്ക് രേഖ വേണം എങ്കിലെ ഞങ്ങൾക്ക് ചോദിക്കാൻ പറ്റൂ. സ്വയം പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് ചെട്ട്യാലത്തൂർ. കാട്ടുനായ്ക്ക വിഭാഗങ്ങൾക്ക് പുറമെ ജനറൽ പണിയ വിഭാഗത്തിൽപ്പെട്ടവരും ഇവിടെ അധിവസിക്കുന്നു. ഇവർക്കെല്ലാം 92 വോട്ടുമുണ്ട്. അവരൊന്നും നിലപാട് വ്യക്തമാക്കിയിട്ടില്ല. നാൽപതോളം കുടുംബങ്ങൾ ഇവിടെ നിന്ന് നേരത്തെ പദ്ധതിപ്രകാരം മാറി താമസിക്കുകയുണ്ടായി.
നൂൽപ്പുഴ മുക്കുത്തികുന്നിന് സമീപത്ത് നിന്ന് കൊടും വനത്തിലൂടെ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച് വേണം ചെട്ട്യാലത്തൂരിലെത്താൻ. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടതാണങ്കിലും ഇവർ ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറല്ല. ഏഴ് ജനറൽ കുടുംബങ്ങളും കാട്ടുനായ്ക്ക പണിയ കുടുംബങ്ങളുമടക്കം 70 കുടുംബങ്ങളാണുള്ളത്. ആചാരാനുഷ്ഠാനങ്ങളും ജീവിതവുമെല്ലാം കാടുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തങ്ങളുടെ പൂർവികർ കുടികൊള്ളുന്ന ഈ മണ്ണ് വിട്ട് പോകാൻ തയ്യാറല്ലെന്നാണ് കാട്ടുനായ്ക്കർ പറയുന്നത്. വീട്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
വീട്ടിപ്പുര, തെണ്ടങ്കര, അമ്പളാടി എന്നി കാട്ടുനായ്ക്ക കോളനികളിലെ മുപ്പത്തിയഞ്ചോളം കുടുംബങ്ങളുടെ പ്രതിഷേധമാണ് ചെട്ട്യാലത്തൂരിലേക്ക് എത്തുന്ന ആർക്കും ആദ്യം കാണാൻ കഴിയുക. കാര്യങ്ങൾ കൃത്യമായി പറഞ്ഞതുകൊണ്ട് വോട്ട് ചോദിച്ച് ആരും തന്നെ എത്തിയില്ലെന്നാണ് കോളനിവാസികൾ പറയുന്നത്.