saji

ആലക്കോട്: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണിയുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും ഒരുപോലെ ഇലക്ഷൻ പ്രചാരണത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ്. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി എ വിഭാഗം പരസ്യമായി പ്രതിഷേധിച്ച് രംഗത്തുവന്നത് രണ്ടാഴ്ചക്കാലം പ്രചാരണം തടസ്സപ്പെടുത്തി. ഈ അവസരം ശരിക്കും മുതലെടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കേരളാകോൺഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റിയാനിമറ്റത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എൽ.ഡി.എഫിന്റെ നേതാക്കളും പ്രവർത്തകരും മുന്നിട്ടിറങ്ങിയത് ഒന്നാംഘട്ട പ്രചരണത്തിൽ ഇടതുപക്ഷത്തിന് മേൽക്കൈ നേടിക്കൊടുത്തു. എന്നാൽ പ്രശ്‌നങ്ങൾ നേതാക്കൾ ഇടപെട്ട് പരിഹരിച്ചതോടെ യു.ഡി.എഫ് സ്വതസിദ്ധമായ രീതിയിൽ മണ്ഡലത്തിലുടനീളം പ്രചരണത്തിനിറങ്ങി. പ്രമുഖരായ നേതാക്കൾ മണ്ഡലത്തിലെങ്ങും പ്രചാരണം കൊഴുപ്പിച്ചതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് അവസാനലാപ്പിൽ കണ്ടത്. കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനും എം.പിയുമായ രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിനായി പ്രചരണത്തിനെത്തിയപ്പോൾ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ എൽ.ഡി.എഫ് സ്ഥാനാർഥി സജി കുറ്റിയാനിമറ്റത്തിന്റെ വിജയത്തിനായി പ്രചരണത്തിനെത്തി.
എൻ.ഡി.എയുടെ സ്ഥാനാർത്ഥി ആനിയമ്മ രാജേന്ദ്രനും മണ്ഡലത്തിലുടനീളം പ്രചാരണം നടത്തുകയുണ്ടായി. മണ്ഡലത്തിലുള്ള തങ്ങളുടെ വോട്ട് പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിയമ്മ രാജേന്ദ്രന് വേണ്ടി നേതാക്കളുടെ പ്രചരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായിരുന്നത്. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ആർക്കും മുൻതൂക്കം പ്രവചിക്കാൻ കഴിയില്ലന്നതാണ് യാഥാർഥ്യം. പ്രചരണ കോലാഹലങ്ങൾ അവസാനിച്ചതോടെ വീടുവീടാന്തിരം വോട്ടർമാരെ തേടിയുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ മൂവരും.