rahul

കൊയിലാണ്ടി: ഇടതുപക്ഷത്തിന്റെ സാമ്പത്തിക ശാസ്ത്രം ഇന്ധനം തീർത്ത യാനമാണ് ഇവിടെ ഉള്ളതെന്നും അതിനെ ചലിപ്പിക്കാൻ ന്യായ് പദ്ധതിയിലൂടെ മാത്രമേ കഴിയൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക തലത്തിൽ തന്നെ മാർക്‌സിസം പരാജയപ്പെട്ടതോടെ പകരം വെക്കാൻ മറ്റൊന്നില്ലാതെ പ്രയാസപ്പെടുകയാണ് ഇടത് പക്ഷം. ന്യായ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും വർഷം 72000 രൂപ നേരിട്ട് ബാങ്കിൽ നിക്ഷേപിക്കും. ഈ പണം സാമ്പത്തിക മേഖലയെ ചലിപ്പിക്കും. അതോടെ ഉത്പാദനം വർദ്ധിക്കുകയും പൂട്ടിയിട്ട വ്യവസായ ശാലകൾ തുറക്കുകയും ചെയ്യും. പുതിയ തൊഴിൽ സംരംഭങ്ങൾ കെട്ടഴിച്ച് വിടുകയും ചെയ്യും. ബി.ജെ.പിയും സി.പി.എമ്മും വിഭജനത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമത്തിന്റേയും വിദ്വേഷത്തിന്റേയും ആശയങ്ങൾക്ക് പകരം സഹിഷ്ണുതയുടേയും സ്‌നേഹത്തിന്റേയും സന്ദേശമാണ് കോൺഗ്രസ് ജനങ്ങൾക്ക് മുമ്പിൽ വെക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് യു. രാജീവൻ, സി.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.