എച്ച് 1 ബി വിസ നിരോധനം തുടരേണ്ടതില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ തീരുമാനം കേരളത്തിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലുകൾക്കാവും ഏറ്റവും ഗുണകരമായി മാറുക. കൊവിഡ് മഹാമാരിയുടെ മറപിടിച്ചാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച് 1 ബി വിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. മറ്റ് രാജ്യക്കാർ കടന്നുവന്ന് അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുകയാണെന്നും അതിനാൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കണമെന്നുമാണ് കൊവിഡ് വരുന്നതിന് മുമ്പ് തന്നെ ട്രംപ് ആവർത്തിച്ചുകൊണ്ടിരുന്നത്. കൊവിഡ് പടർന്നപ്പോൾ വിസ നിയന്ത്രണം പ്രഖ്യാപിക്കാൻ തക്കതായ കാരണവുമായി. ഇലക്‌ഷൻ പ്രചാരണ സമയത്ത് തന്നെ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡൻ ട്രംപിന്റെ കർശനമായ കുടിയേറ്റ നിയമങ്ങളെ വിമർശിച്ചിരുന്നു. അധികാരത്തിലെത്തിയാൽ എച്ച് 1 ബി വിസയുടെ നിരോധനം തുടരില്ലെന്ന സൂചനയും നൽകിയിരുന്നു. ആ വാക്ക് ഇപ്പോൾ ബൈഡൻ പാലിച്ചിരിക്കുകയാണ്. മാർച്ച് 31 വരെയായിരുന്നു നിയന്ത്രണം. മറ്റ് ഉത്തരവുകളൊന്നും ഇറങ്ങാത്തതിനാൽ സ്വാഭാവികമായും നിരോധനം ഇല്ലാതായി. വിദ്യാർത്ഥികൾക്ക് പുറമെ സ്വകാര്യ കമ്പനിക്ക് മാത്രമായി 65,000 എച്ച് 1 ബി വിസയാണ് അമേരിക്ക ശരാശരി പ്രതിവർഷം അനുവദിക്കുന്നത്. ഇതിൽ 70 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. അതിൽ തന്നെ മൂന്നിലൊന്ന് ഐ.ടി പ്രൊഫഷണലുകൾ കേരളത്തിൽ നിന്നുള്ളവരാണ്. ഐ.ടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ ആശ്വാസം പകരുന്നതാണ് നിരോധനം ഇല്ലാതായ തീരുമാനം. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് തുടങ്ങിയ വമ്പൻ കമ്പനികളും സ്റ്റാർട്ടപ്പുകളും ഓൺഷോർ ജോലിക്കായി ജീവനക്കാരെ അമേരിക്കയിലേക്ക് അയയ്ക്കുന്നത് പതിവാണ്. അമേരിക്കയിൽ പോയി ജോലി ചെയ്താൽ കരാർ പ്രകാരം കൂടുതൽ തുക കമ്പനികൾക്ക് ലഭിക്കും. അവിടെ പോയി ജോലി ചെയ്യുന്ന വേളയിൽ ഐ.ടി പ്രൊഫഷണലുകൾക്കും ഉയർന്ന വരുമാനം ലഭിക്കും. ഗൂഗിൾ, ഫേസ്‌ബുക്ക് തുടങ്ങിയ ഭീമൻ കമ്പനികൾ വരെ നിരവധി ഇന്ത്യാക്കാരെ ഈ വിസയുടെ ആനുകൂല്യത്തിൽ അവിടെ ജോലി ചെയ്യിപ്പിക്കുന്നുണ്ട്.
സിലിക്കൻവാലിയിലെ അമേരിക്കൻ കമ്പനികൾ വിസ നിരോധനത്തെ ആദ്യമെ എതിർത്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ എടുക്കുന്ന ഏതു തീരുമാനവും ആ രാജ്യത്തെ സ്വകാര്യ മേഖലയിലെ ബിസിനസിനെയാണ് ആദ്യം ബാധിക്കുന്നത്. കമ്പനികൾ തമ്മിൽ കരാറിൽ ഒപ്പിടുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരിക്കില്ല. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ ഇത്തരം തീരുമാനങ്ങൾ വരുമ്പോൾ കമ്പനികളുടെ ലാഭത്തെയാവും അതു ബാധിക്കുക. രാഷ്ട്രീയവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും മാറുന്നതനുസരിച്ച് പല രീതിയിലുള്ള നിരോധനങ്ങൾ ഭാവിയിലും വന്നേക്കാം. അതിനാൽ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാനുള്ള നയത്തിനാണ് സർക്കാർ മുൻതൂക്കം നൽകേണ്ടത്. ഉദാഹരണത്തിന് വിവിധ ഇലക്ട്രോണിക്സ് ബിസിനസ് രംഗത്തെ അവശ്യ ഘടകമായ ചിപ്പുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ആസ്ഥാനം അമേരിക്കയിലാണ്. നിരവധി ഇന്ത്യാക്കാരും സുപ്രധാന പദവികളിൽ ഇത്തരം കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ചിപ്പുകൾ നിർമ്മിക്കുന്ന കൂറ്റൻ ഫാക്ടറികൾ സ്ഥിതിചെയ്യുന്നത് ചൈനയിലും തയ്‌വാനിലും മറ്റുമാണ്. എന്നാൽ ഇന്ത്യയ്ക്കും ചിപ്പ് നിർമ്മാണത്തിനുള്ള ഫാക്ടറികൾക്ക് തുടക്കം കുറിക്കാവുന്നതേയുള്ളൂ. അതിനുള്ള പശ്ചാത്തല സഹായം സർക്കാർ ചെയ്തുകൊടുത്താൽ മാത്രം മതി. കൊവിഡാനന്തരം ഇത്തരം ബിസിനസുകൾ ഇന്ത്യയിലേക്ക് വരാൻ തുടങ്ങിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളിൽ ജോലി തേടുന്നതിനൊപ്പം ഇവിടെ ജോലി അവസരങ്ങൾ വർദ്ധിപ്പിക്കുക കൂടി ചെയ്താൽ ഭാവിയിൽ ഒരു രാജ്യത്തിന്റെ നിരോധനവും നമ്മെ ഭയപ്പെടുത്തില്ല.