മണ്ഡലങ്ങളെയാകെ ഇളക്കിമറിച്ച പ്രചാരണങ്ങൾക്കും ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുംശേഷം കേരളം ഇന്നു വിധി എഴുതുകയാണ്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും അതിനോടു ചേർന്നുകിടക്കുന്ന പുതുച്ചേരിയിലും ഇന്നു തന്നെയാണു വോട്ടെടുപ്പ്. മൂന്നിടത്തും കഠിനമായ പോരാട്ടമാണു നടക്കുന്നത്. ഈ ബാലറ്റ് യുദ്ധത്തിൽ വിജയം ആർക്കാണെന്നറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് രാഷ്ട്രീയ കക്ഷികൾക്കൊപ്പം സാധാരണ ജനങ്ങൾക്കും ആകെയുള്ള മനോവിഷമം. തിരഞ്ഞെടുപ്പ് ഹൈടെക്കാകുന്നതിനു മുമ്പ് വോട്ടെടുപ്പു കഴിഞ്ഞാൽ പിറ്റേദിവസം തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്. ഇപ്പോഴാകട്ടെ രാജ്യത്ത് എവിടെയെങ്കിലും വോട്ടെടുപ്പ് പൂർത്തിയാകാനുണ്ടെങ്കിൽ അതുകഴിഞ്ഞ് ഒന്നിച്ചേ വോട്ടെണ്ണൽ നടക്കൂ. വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുപോകുന്നതിനാൽ ഫലമറിയാനും അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുന്നു.
ജനാധിപത്യ സംവിധാനത്തിൽ വോട്ടർ സർവ്വതിനും മേലെയാകുന്ന ദിനമാണിന്ന്. അതുകൊണ്ടുതന്നെ വോട്ടവകാശം അതിപ്രധാനമായി ഓരോ വോട്ടറും കരുതണം. സമ്മതിദാനാവകാശം തീരെ ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാലേ വേണ്ടെന്നുവയ്ക്കാവൂ. സംസ്ഥാനത്തിന്റെ മാത്രമല്ല തങ്ങളുടെയും ഭാവിഭാഗധേയം നിർണയിക്കപ്പെടുന്നതാണ് ഓരോ തിരഞ്ഞെടുപ്പും. വോട്ടു ചെയ്യുക എന്നത് ഓരോ പൗരന്റെയും ധർമ്മമായാണ് കരുതപ്പെടുന്നത്. ജനാധിപത്യം പൂർണ വിജയമാകുന്നത് ജനങ്ങൾ തങ്ങളുടെ ചുമതല കൂടി ഭംഗിയായി നിർവഹിക്കുമ്പോഴാണ്. വോട്ടവകാശം വിനിയോഗിക്കാതെ ഒഴിഞ്ഞുനിൽക്കുന്നത് പൗരാവകാശം സ്വയം ഉപേക്ഷിക്കുന്നതിനു തുല്യമാണ്. തീർത്തും അപക്വമായ നിലപാടു കൂടിയാണത്. മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളിൽ ആരോടും ആഭിമുഖ്യമില്ലെങ്കിൽ പോലും വിയോജിപ്പു പ്രകടിപ്പിക്കാൻ ഇന്ന് സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ വോട്ടുചെയ്യാതെ മാറിനിൽക്കേണ്ട കാര്യമില്ല.
തദ്ദേശ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ കൊവിഡിന്റെ രണ്ടാം വരവിനു നടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. സുരക്ഷാക്രമീകരണങ്ങൾ വിപുലമായി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓരോ വ്യക്തിയും സ്വന്തം ആരോഗ്യ സുരക്ഷയെക്കുറിച്ച് മതിയായ കരുതലെടുക്കുന്നത് ആവശ്യമാണ്. കൂട്ടം ചേരലും മാനദണ്ഡങ്ങൾ വെടിഞ്ഞുള്ള പെരുമാറ്റവും രോഗം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. കൊവിഡ് ഭീതി പോലെ തന്നെ പ്രധാനമാണ് സംഘർഷരഹിതമായ വോട്ടെടുപ്പും. അനിഷ്ടസംഭവങ്ങൾ തടയാൻ അറുപതിനായിരത്തോളം സേനാംഗങ്ങളെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൊതുവേ എന്നും ശാന്തമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പു നടക്കാറുള്ളത്. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കഴിയണം.
പ്രചാരണ കാലത്ത് ജനങ്ങളിൽ പ്രകടമായ ആവേശവും വീറും ഇന്ന് വോട്ടെടുപ്പിലും അതേ നിലയിൽ പ്രതിഫലിക്കണം. രാഷ്ട്രീയ സാക്ഷരതയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം വോട്ടിംഗ് ശതമാനത്തിൽ ഒരിക്കലും പിന്നിലായിപ്പോകരുത്. അപൂർവം ചില മണ്ഡലങ്ങളിൽ പോളിംഗ് പിന്നാക്കം പോകുന്ന പ്രവണതയുണ്ട്. മത്സരച്ചൂട് ഇക്കുറി പതിവിലും അധികമായതിനാൽ അതിനു മാറ്റമുണ്ടാകുമെന്നു കരുതാം.