gues

വെഞ്ഞാറമൂട്: തകർന്നടിഞ്ഞ പടിക്കെട്ടുകൾ, പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്ന മതിൽക്കെട്ട്, മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടം, ഇടയ്ക്കിടെ പൊളിഞ്ഞു ആളുകളുടെ തലയിലേക്ക് പതിക്കുന്ന മേൽക്കൂര, ജീവൻ പണയം വച്ച് ജോലി എടുക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞുവരുന്നത് വെഞ്ഞാറമൂട് മാതൃക വില്ലേജ് ഓഫീസിനെക്കുറിച്ചാണ്. വാമനപുരം മണ്ഡലത്തിലെ നമ്പർ വൺ പഞ്ചായത്തായ നെല്ലനാട് വില്ലേജിന്റെ അവസ്ഥയാണിത്.

വില്ലേജിൽ നിന്നുള്ള എല്ലാസേവനങ്ങളും ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ പൊതുജനങ്ങൾ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസിൽ നേരിട്ടെത്തുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികളും അംഗപരിമിതരും വയോജനങ്ങളും ഗർഭിണികളും ജീവൻ പണയം വച്ചാണ് ഇവിടുത്തെ പടിക്കെട്ടുകൾ ഇറങ്ങി ഓഫീസിലേക്ക് എത്തുന്നത്.

ഉദ്യോഗസ്ഥർ ഇടുങ്ങിയ മുറിയിൽ അസൗകര്യങ്ങൾക്കിടയിൽ ഇരുന്നാണ് ജോലി നോക്കുന്നത്. നിലവിൽ ഒരു വനിത ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനിൽക്കാൻ പോലും ഇടമില്ല. ഒരു മഴപെയ്താൽ ഉദ്യോഗസ്ഥർ കുടചൂടി വേണം ഓഫീസിൽ ഇരിക്കാൻ. വിലപ്പെട്ട റവന്യൂ രേഖകൾ മഴയിൽ നനഞ്ഞുകുതിർന്നുനാശത്തിന്റെ വക്കിലാണ്.

സമീപത്തുള്ള എല്ലാ സർക്കാർ ഓഫീസുകളും നവീകരിച്ചെങ്കിലും വില്ലേജ് ഓഫീസിനോട് മാത്രം ഇത്ര അവഗണന എന്താണെന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്.

ഉപഭോക്താക്കളുടെ പ്രശ്നം

വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് വിശ്രമ സ്ഥലമോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള സൗകര്യമോ ഇവിടെ ഇല്ല. ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കായി നിർമിച്ചിരിക്കുന്ന പൊതു ടൊയ്‌ലെറ്റ് ഉപയോഗശൂന്യമായിട്ട് നാളുകളായി. സെപ്റ്റിടാങ്ക് നിറഞ്ഞു ദുർഗന്ധം വമിച്ചിട്ടുപോലും ഒരു പരിഹാരം കാണാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥരുടെ ദുരവസ്ഥ

നനഞ്ഞ ഫയലുകൾ വെയിലത്തിട്ട് ഉണക്കി പൊതുജനങ്ങൾക്ക് കൊടുക്കേണ്ട ഗതികേടുകൂടി ജീവനക്കാർക്കുണ്ടായിട്ടുണ്ട്. വില്ലേജ് ഓഫീസിന്റെ ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജീവനക്കാരും പൊതുജനങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നാളിതുവരെയായി ഇതിനൊരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല.