സ്കൂൾ ഒഫ് ഡ്രാമയുടെ ക്യാമ്പിൽ പങ്കെടുക്കാനായി ഹരിയാനയിൽ പോയപ്പോൾ റിച്ചാർഡ് അറ്റൻബറോയുടെ വിഖ്യാത ചിത്രമായ ഗാന്ധിയിൽ ആൾക്കൂട്ടത്തിലൊരാളായി അഭിനയിക്കാൻ കഴിഞ്ഞത് ബാലേട്ടൻ അഭിമാനത്തോടെ ഓർക്കുമായിരുന്നു.നാടക പ്രവർത്തകനും തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ പി. ബാലചന്ദ്രൻ ഇനി ഓർമ്മകളിൽ...
കർക്കശക്കാരന്റെ മുഖമായിരുന്നെങ്കിലും കലർപ്പില്ലാത്ത സ്നേഹ സൗഹൃദങ്ങളുടെ ആൾരൂപമായിരുന്നു പി. ബാലചന്ദ്രൻ. പരിചയപ്പെടുന്നവരെയെല്ലാം തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള വല്ലാത്തൊരു കാന്തശക്തിയുണ്ടായിരുന്ന മനുഷ്യൻ. അറിയുന്നവരെല്ലാം അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ''ബാലേട്ടാ..."യെന്ന് വിളിച്ചതും അതുകൊണ്ടുതന്നെയാണ്.
നാടക പ്രവർത്തകനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്നുവെങ്കിലും അഭിനേതാവിന്റെ വേഷമായിരുന്നു ബാലേട്ടൻ ഏറെ ആസ്വദിച്ചിരുന്നത്. എഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴുമെല്ലാം താനൊരു നടന്റെ മനസ്സോടെയാണ് അതൊക്കെ ചെയ്തിട്ടുള്ളതെന്ന് ബാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.
ശശി എന്നായിരുന്നു പി. ബാലചന്ദ്രനെ കുട്ടിക്കാലത്ത് വീട്ടിൽ വിളിച്ചിരുന്ന പേര്. ഡേവിഡ് ആൻഡ് ഗോലിയാത്തിന്റെ ചിത്രീകരണ വേളയിൽ ജയസൂര്യയോടും അനൂപ് മേനോനോടും ആ പേരിനെപ്പറ്റി പി. ബാലചന്ദ്രൻ പറഞ്ഞിരുന്നു. ''ശശി... ഒരു ഓഞ്ഞ പേരാ..." അടുത്ത ചിത്രമായ ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിൽ പി. ബാലചന്ദ്രന്റെ കഥാപാത്രത്തിന് അനൂപ് മേനോൻ ശശിപ്പിള്ളയെന്നാണ് പേരിട്ടത്. ''ശശിപ്പിള്ള... ഒരു ഓഞ്ഞ പേര്..." കഥാപാത്രത്തെക്കൊണ്ട് നടൻ യഥാർത്ഥ ജീവിതത്തിൽ പറഞ്ഞ ഡയലോഗ് തന്നെ അനൂപ്മേനോൻ പറയിക്കുകയും ചെയ്തു.
''ശശിയെന്നുള്ള പേരിന് കുഴപ്പമൊന്നുമില്ല. നല്ല പേരാ.. പക്ഷേ പിന്നീടെപ്പോഴോ ആ പേരൊരു കോമഡിയായി. എന്നെ കളിയാക്കാനായി ചിലർ ശശീന്ന് വിളിക്കുന്നതൊക്കെ എനിക്കിഷ്ടമായിരുന്നു." ഒരിക്കൽ ബാലേട്ടൻ പറഞ്ഞു.
തച്ചോളി വർഗീസ് ചേകവർ, അഗ്നിദേവൻ, അങ്കിൾബൺ, പവിത്രം, ഉള്ളടക്കം... മോഹൻലാലിന് വേണ്ടിയാണ് കൂടുതൽ സിനിമകൾ എഴുതിയിട്ടുള്ളതെങ്കിലും മമ്മൂട്ടിയോടൊത്താണ് ബാലേട്ടൻ കൂടുതൽ അഭിനയിച്ചിട്ടുള്ളത്.
വലിയ ക്യാൻവാസിലുള്ള ഹൃദയബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന കൊച്ച് കൊച്ച് സിനിമകൾ എഴുതാനായിരുന്നു തിരക്കഥാകൃത്തായ ബാലേട്ടന് ഇഷ്ടം.
''നമ്മുടെ പരിമിതികൾ നമ്മൾ തന്നെ തിരിച്ചറിയണം." എന്ന പക്ഷക്കാരനായിരുന്നു ബാലേട്ടൻ.
സ്കൂൾ ഒഫ് ഡ്രാമയിലെ പഠനകാലമാണ് ബാലേട്ടനെ നാടകത്തോട് കൂടുതൽ അടുപ്പിച്ചത്. സ്കൂൾ ഒഫ് ഡ്രാമയുടെ ക്യാമ്പിൽ പങ്കെടുക്കാനായി ഹരിയാനയിൽ പോയപ്പോൾ റിച്ചാർഡ് അറ്റൻബറോയുടെ വിഖ്യാത ചിത്രമായ ഗാന്ധിയിൽ ആൾക്കൂട്ടത്തിലൊരാളായി അഭിനയിക്കാൻ കഴിഞ്ഞത് ബാലേട്ടൻ അഭിമാനത്തോടെ ഓർക്കുമായിരുന്നു.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുനരധിവാസം എന്ന ചിത്രത്തിലൂടെയാണ് നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.
ഇവർ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.
കഴിഞ്ഞ കുറേ മാസങ്ങളായി മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ബാലേട്ടന്റെ അന്ത്യം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടടുപ്പിച്ച് വൈക്കത്തെ വീട്ടിൽ വച്ചായിരുന്നു . സംസ്കാരം വൈകിട്ട് മൂന്നിന് നടന്നു. 1952 ഫെബ്രുവരി 2ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്ഛൻ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിബായി, വൈക്കം നഗരസഭ മുൻ അദ്ധ്യക്ഷൻ ശ്രീലത ചന്ദ്രനാണ് ഭാര്യ. മക്കൾ: ശ്രീകാന്ത് ചന്ദ്രൻ, പാർവതി ചന്ദ്രൻ.