തിരുവനന്തപുരം: കണ്ണമ്മൂലയിലെ ' ശിവശ്രീ ' എന്ന വീടിന്റെ മുറ്രത്തേക്ക് തൊഴുകൈകളോടെ രാഹുൽ ഗാന്ധി എം.പി എത്തിയപ്പോൾ മുൻവശത്ത് വീൽച്ചെയറിലിരുന്ന വൃദ്ധയായ ശ്രീമതിയുടെ മുഖത്ത് അദ്ഭുതവും സന്തോഷവും. കൈകൾ കൂപ്പി അവർ അഭിവാദ്യം ചെയ്‌തു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന്റെ കുടുംബവീടാണ് ശിവശ്രീ. ലാലിന്റെ മാതാവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന കെ. ശ്രീമതിയാണ് ഇവിടെയുണ്ടായിരുന്നത്. വാഹനപര്യടനം വീടിന് മുന്നിലൂടെ പോകുന്നതിനിടെയാണ് ലാലിന്റെ അമ്മയെ കാണാൻ രാഹുൽ സമയം കണ്ടെത്തിയത്. സുരക്ഷാക്രമീകരണങ്ങൾ പോലും വിസ്‌മരിച്ചാണ് അദ്ദേഹമെത്തിയത്. ലാലിന്റെ അച്ഛന്റെയും സഹോദരിയുടെയും മരണശേഷം ഏറെക്കാലം ചികിത്സയിലായിരുന്നു ശ്രീമതി. ഇപ്പോൾ വീൽചെയറിന്റെ സഹായമില്ലാതെ എങ്ങോട്ടും നീങ്ങാനാവില്ല. രാഹുൽഗാന്ധിക്കൊപ്പമുള്ള ലാലിന്റെ റോഡ്ഷോ വീടിന് മുന്നിലൂടെ പോകുന്നതറിഞ്ഞ് കാത്തിരിക്കുകയായിരുന്നു അവർ.
വീടിന് മുന്നിൽ തന്റെ അമ്മ ഇരിപ്പുണ്ടെന്ന് ലാൽ തന്നെയാണ് രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് കേട്ടയുടൻ വാഹനം നിറുത്താൻ നിർദ്ദേശിച്ച അദ്ദേഹം അമ്മയുടെ സമീപത്തേക്ക് എത്തുകയായിരുന്നു. ചുരുങ്ങിയ നിമിഷങ്ങൾ ശ്രീമതിയുമായി സംസാരിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.