തിരുവനന്തപുരം: രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനമുണ്ടാകുന്നതിനാൽ പാേളിംഗ് ബൂത്തിലെത്തുന്നവർക്ക് തെർമ്മൽ സ്‌കാനിംഗ് പരിശോധന നടത്തും. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ വീണ്ടും പരിശോധിക്കും. അപ്പോഴും കൂടുതലാണെങ്കിൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊവിഡ് രോഗികളെയും രോഗലക്ഷണമുള്ളവരെയും അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് ചെയ്യാൻ അനുവദിക്കും.
പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. ആൾക്കൂട്ടത്തിനിടയിലേക്ക് പോകരുത്.
മറ്റ് ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് വോട്ട് രേഖപ്പെടുത്തേണ്ടതാണ്. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക. വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. സംശയമുണ്ടെങ്കിൽ ദിശ 1056ൽ വിളിക്കാവുന്നതാണ്.
മറ്റു നിർദ്ദേശങ്ങൾ
# മാസ്‌ക് നിർബന്ധമായും ധരിക്കണം.
#കുട്ടികളെ കൊണ്ടുപോകരുത്.
# ഒപ്പിടാൻ പേന കരുതുക.
# മാസ്‌ക് താഴ്ത്തി സംസാരിക്കരുത്
# സാമൂഹിക അകലം പാലിക്കണം.
# ഹസ്തദാനം നൽകരുത്
# ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനം പാടില്ല.
# വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക.
# ബൂത്തിലെ ജനാലകൾ തുറന്നിടണം